ദില്ലി: സ്വഛത ഹി സേവ കാമ്പയിന്റെ ഭാഗമായി ശുചീകരണത്തില്‍ പങ്കാളിയാവാന്‍ എത്തിയ കേന്ദ്ര മന്ത്രിക്ക് വൃത്തിയാക്കാന്‍ ശുചീകരിച്ച ഇടത്ത് മാലിന്യം വിതറി അധികൃതരും വളണ്ടിയര്‍മാരും.

ശുചീകരിക്കാനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് നേരത്തെ വൃത്തിയാക്കിയ ഇടത്ത് വളണ്ടിയര്‍മാര്‍ വിതറിയ മാലിന്യം ശുചീകരിച്ച് കാമ്പയിന്റെ ഭാഗമായത്. 

ദില്ലിയില്‍ ഇന്ത്യ ഗേറ്റിന് സമീപമാണ് സംഭവം. പൂര്‍ണ്ണമായും വൃത്തിയാക്കിയ ഇന്ത്യാ ഗേറ്റ് പരിസരത്തേക്ക് വൈകിയെത്തിയ മന്ത്രിക്ക് ശുചീയാക്കാന്‍ വളണ്ടിയര്‍മാരായ കോളജ് കുട്ടികള്‍ ചേര്‍ന്ന് മാലിന്യങ്ങള്‍ വിതറുകയായിരുന്നു. 

വിതറിയ മാലിന്യങ്ങള്‍ പെറുക്കിയെടുത്ത് മന്ത്രിയും സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി. ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതിയില്‍ പ്രമുഖരെ ഉപയോഗിച്ച് വൃത്തിയാക്കല്‍ യജ്ഞം നടത്താന്‍ തീരുമാനിച്ച 15 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യാ ഗേറ്റ്. 

പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് പ്രകാരമാണ് സ്വഛതാ ഹി സേവ കാമ്പയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമാനാണ് കണ്ണന്താനം ഇന്ത്യാ ഗേറ്റില്‍ എത്തിയത്. 

പുതുതായി ചുമതലയേറ്റ മന്ത്രിയെ അധികം ആര്‍ക്കും അറിയില്ലെങ്കിലും സമീപത്തെ കടകളിലുള്ളവര്‍ക്കും കൂടി നിന്നവര്‍ക്കും ശുചിത്വ സന്ദേശം നല്‍കാന്‍ മന്ത്രി മറന്നില്ല. വളണ്ടിയര്‍ മാര്‍ വിതറിയ മാലിന്യം പെറുക്കിയെടുത്ത് കാമറകള്‍ക്ക് മുമ്പില്‍ മാലിന്യമുക്ത സന്ദേശവും മന്ത്രി നല്‍കി. ക്യാമറയ്ക്കു മുന്നില്‍ വര്‍ഷത്തിലൊരിക്കല്‍ അല്ല, പകരം ദിവസവും വൃത്തിയാക്കല്‍ പ്രക്രിയ തുടരണമെന്നും മന്ത്രി പറഞ്ഞു.