സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ മന്ത്രി കെ.കെ.ശൈലജ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം.
ദില്ലി: ആര്‍ എസ് എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം. ആയുഷ് മന്ത്രാലയത്തിന്‍റെ പരിപാടിയായിരുന്നെന്നും അവർ ആര്‍ എസ് എസിനെ പങ്കാളിയാക്കിയതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.

കേന്ദ്രത്തിലെയും ഗുജറാത്തിലെ ആയുഷ് മന്ത്രാലയങ്ങളുടെയും ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസും എക്സ്പോയും സംഘടിപ്പിച്ചത്. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത്. ഗുജറാത്ത് കണ്‍വന്‍ഷെന്‍ററില്‍ മറ്റന്നാള്‍ വരെ നീണ്ടുനില്‍ക്കുന്ന കേരളത്തിന്‍റെ സ്റ്റാളും തുറന്നു.
ആയുര്‍വേദ, ഹോമിയോ രംഗത്തെ പതിനാറംഗ ഡോക്ടര്‍മാരുടെ സംഘത്തെയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമായി പരിപാടിയ്ക്ക് അയച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരെ വിജ്ഞാന് ഭാരതി ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും അവരാരും എത്തിയിരുന്നില്ല. എന്നാല്‍ സംസ്ഥാന മന്ത്രിയെന്ന നിലയിലാണ് പരിപാടിയില്‍ സംബന്ധിച്ചതെന്നായിരുന്നു കെ കെ ശൈലജയുടെ വിശദീകരണം. യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ബേബി ജോണ്‍ ഗുജറാത്തിലെത്തി നരേന്ദ്ര മോദിയെ കണ്ടത് എല്‍ ഡി എഫ് വിവാദമാക്കിയിരുന്നു.
