കുന്നംകുളം നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ സിപിഎമ്മും കോൺഗ്രസും ധാരണപ്രകാരം വീതിച്ചെടുത്തു. ഈ നീക്കത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തുനിർത്താൻ ഇരുപാർട്ടികൾക്കും കഴിഞ്ഞു

തൃശൂര്‍: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ. നാല് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനും രണ്ടെണ്ണം കോണ്‍ഗ്രസിനും ലഭിച്ചു. ധാരണ പ്രകാരം ബിജെപിയെ പുറത്തുനിര്‍ത്താന്‍ കഴിഞ്ഞു. ആര്‍എംപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വ്യാഴ്ച്ച നടന്ന വികസനം, ആരോഗ്യം, ക്ഷേമം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഈ മൂന്നു കമ്മിറ്റികളില്‍ എതിരില്ലാതെയാണ് ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തത്. ആര്‍എംപി അംഗങ്ങളുള്ള ഈ കമ്മിറ്റികളില്‍ അവര്‍ മത്സരിക്കാന്‍ തയ്യാറായില്ല. വിദ്യാഭ്യാസം, പൊതുമരാമത്ത് കമ്മിറ്റികളില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വന്നതോടെ വോട്ടെടുപ്പ് നടന്നു. ധനകാര്യം, വികസനം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ കമ്മിറ്റികള്‍ സി.പി.എമ്മിനും ക്ഷേമം, ആരോഗ്യം എന്നി കമ്മിറ്റികള്‍ കോണ്‍ഗ്രസിനും ലഭിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം. ഒത്തുകളിയെന്ന് ആരോപിച്ച് ബി.ജെ.പി. നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി. ലീഡര്‍ എ.എസ്. ശ്രീജിത്ത് പ്രസംഗിച്ചു. കോണ്‍ഗ്രസ് സി.പി.എം. സംഖ്യത്തിനെതിരേ നഗരസഭയില്‍ ബി.ജെ.പി. ശക്തമായ പ്രതിപക്ഷമായി പോരാടുമെന്ന് ബി.ജെ.പി. വ്യക്തമാക്കി.

വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാർ: പി.ജി. ജയപ്രകാശ് (സി.പി.എം.) ധനകാര്യം, പുഷ്പാ ജോണ്‍ (സി.പി.എം.) വികസനം, മിനി മോന്‍സി (കോണ്‍ഗ്രസ്) ക്ഷേമകാര്യം, മിഷ സെബാസ്റ്റ്യന്‍ (കോണ്‍ഗ്രസ്) ആരോഗ്യം, ടി. സോമശേഖരന്‍ (സി.പി.എം.) പൊതുമരാമത്ത്, ആര്‍ഷ ജിജു (സി.പി.എം.) വിദ്യാഭ്യാസം. ഇവരെല്ലാം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി സ്ഥാനമേറ്റു.