തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ മലക്കം മറിഞ്ഞ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നായ്ക്കളെ കൊല്ലില്ലെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കടിക്കാന്‍ വരുന്ന പട്ടിയെ സത്യവാങ്മൂലം നോക്കിയാണോ നേരിടുന്നതെന്നും മന്ത്രി കോഴിക്കോട് ചോദിച്ചു.
തിരുവനന്തപുരം പുല്ലുവിളയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചത് മറച്ച് വച്ചും, അക്രമകാരികളായ തെരുവ് നായ്ക്കളെ നേരിടാന്‍ അവയെ കൊല്ലാതെ വന്ധ്യംകരിക്കാമെന്നുമുള്ള നിലപാടാണ് സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
ഭരണാധികാരികള്‍ മാത്രം ശ്രമിച്ചാല്‍ നായ്ക്കളെ നിയന്ത്രിക്കാനാവില്ലെന്നും, കടിക്കാന്‍ വരുന്ന പട്ടിയെ നേരിടുന്നതിന് ഒരു നിയമ തടസവുമില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവന് തെരുവ്‌നായ്ക്കള്‍ സൃഷ്ടിക്കുന്ന ഭീഷണി വ്യക്തമായി ചൂണ്ടിക്കാട്ടുന്നതിന്ന് പകരം വിഷയത്തെ ലഘൂകരിക്കുകയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചെയ്തതെന്ന ആക്ഷേപം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശഭരണമന്ത്രിയുടെ ന്യായീകരണം.
