കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനെന്ന പേരില്‍ അമിത് ഷായ്ക്ക് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇതിനിടെയാണ് പരിഹാസവുമായി മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുന്നത്

തിരുവനന്തപുരം: ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്തയെന്ന് മന്ത്രി എം.എം മണി. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ആളായിരുന്നിട്ട് കൂടി അമിത് ഷായ്ക്ക് ഇതിന് അനുമതി കൊടുത്തതും ആശ്ചര്യമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 

ബിജെപി ഓഫീസ് ഉദ്ഘാടനത്തിനായാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനെന്ന പേരില്‍ അമിത് ഷായ്ക്ക് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇതിനിടെയാണ് പരിഹാസവുമായി മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും മണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. അന്ന് മുതല്‍ തന്നെ യാത്രാവിമാനങ്ങളും തുടങ്ങും.