യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിന്റെ പ്രാഥമിക വാദം കേള്‍ക്കലാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്നത്. ഇത്തവണ കോടതിയില്‍ ഹാജരാകുമെന്ന് എം.എം. മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മണി കോടതിയില്‍ എത്തിയിരുന്നില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിനകമാണ് എം.എം. മണി കോടതിയില്‍ എത്തുന്നതെന്ന് ശ്രദ്ധേയം. 

അഞ്ചേരി ബേബി ഉള്‍പ്പെടെയുള്ളവരെ വകവരുത്തിയെന്നുള്ള 2012 മെയ് 25ലെ മണക്കാട്  പ്രസംഗമാണ് കേസിന് ആധാരം. അന്ന് എം.എം. മണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരുന്നെങ്കിലും തുടരന്വേഷണം വേണമെന്ന മുന്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തുടര്‍ന്ന് അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന ആരോപിച്ച് മണിയെ രണ്ടാംപ്രതിയാക്കി അന്വേഷണ സംഘം കേസെടുത്തു. ഈ കേസിലെ പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടനും ഒ.ജി. മദനനും കോടതിയില്‍ ഹാജരായിരുന്നു. തനിക്കെതിരായ കേസ് UDF നേതാക്കള്‍ കെട്ടിച്ചമച്ചതാണെന്നാണ് എം.എം. മണിയുടെ വാദം.