ജൂലൈമാസത്തെ കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയും, ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലും തമ്മിലുള്ള പോര് മുറുകുകയാണ്. 

തിരുവനന്തപുരം: ശമ്പളകാര്യത്തില്‍ ഗതാഗതവകുപ്പ് സെക്രട്ടറിയും കെ.എസ്ആ.ര്‍,.ടി.സി എംഡിയും തമ്മിലുള്ള തര്‍ക്കത്തില്‍ സെക്രട്ടറിയെ തുണച്ച് ഗതാഗതമന്ത്രി. സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തിലെ അധികാരം സെക്രട്ടറിക്കാണെന്നും കെഎസ്ആര്‍ടിസിയുടെ ഫണ്ടിന്‍റെ കാര്യത്തിലേ തച്ചങ്കരിക്ക് സ്വതന്ത്രാധികാരമുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂലൈമാസത്തെ കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയും, ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലും തമ്മിലുള്ള പോര് മുറുകുകയാണ്. ശമ്പളം നല്‍കാനായി ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ കെടിഡിഎഫ്സിക്ക് നല്‍കാനുള്ള ബാധ്യതയുടെ പേരില്‍ ഗതാഗത സെക്രട്ടറി തടഞ്ഞു. സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്കും, ഗതാഗതമന്ത്രിക്കും തച്ചങ്കരി പരാതി നല്‍കിയിരിക്കുകയാണ്. ഈ തര്‍ക്കത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കുന്നത്.

ഗതാഗതസെക്രട്ടറി പണം തടഞ്ഞതിനെ തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്ന് ഇരുപത് കോടി രൂപ വായ്പയെടുത്താണ് ജൂലൈമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയില്‍ നല്‍കിയത്. പണം അനുവദിച്ചില്ലെങ്കില്‍ തിരിച്ചടവ് അനിശ്ചിതത്വത്തിലാവുമെന്നാണ് തച്ചങ്കരി പറയുന്നത്. അതേ സമയം കെഎസ്ആര്‍ടിസിയിലെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് യൂണിയനുകളും എംഡിയും തമ്മിലുള്ള തര്‍ക്കത്തില്‍ മന്ത്രി തച്ചങ്കരിക്കൊപ്പമായിരുന്നു. പുതിയ തര്‍ക്കത്തില്‍ ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.