ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം കാപ്പിത്തോടിന് ശാപമോക്ഷം വേണം. സംരക്ഷിക്കേണ്ട ഭരണാധികാരികള്‍ കണ്ണടയ്ക്കുമ്പോള്‍ സ്വന്തം മരണവും കാത്ത് കിടക്കുകയാണ് കാപ്പിത്തോട്. അധികാരികള്‍ മാറിമറിഞ്ഞിട്ടും കാപ്പിത്തോട് പഴയത് പോലെ തന്നെ മാലിന്യത്തോടായി ഒഴുകുന്നു. കാപ്പിത്തോടിന് സമീപത്തെ സ്‌കൂളുകളിലെ കുട്ടികള്‍ ഇപ്പോഴും തലചുറ്റി വീഴുകയും ദുര്‍ഗന്ധം സഹിച്ച് സ്‌കൂള്‍ പഠന ജീവിതം തള്ളി നീക്കുകയും ചെയ്യുന്നു. കാപ്പിത്തോടിന്റെ പേര് പറഞ്ഞ് വിവാഹം നടക്കാതെ പോവുന്ന ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വര്‍ഷങ്ങളോളം വാര്‍ത്തയായിട്ടും, നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടും കാപ്പിത്തോട് പഴയപടിതന്നെ.
മന്ത്രി ജി.സുധാകരന്റെ മണ്ഡലത്തിലാണ് കാപ്പിത്തോട്. യു.ഡി.എഫ്. ഭരണകാലത്ത് കാപ്പിത്തോടിന്റെ വിഷയം ഉന്നയിച്ചിരുന്ന അദ്ദേഹം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെയായിട്ടും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹം പല തവണ ഇവിടെ എം.എല്‍.എ ആയിട്ടുണ്ട്. പക്ഷേ ഈ വിഷയം ശാസ്ത്രീയമായി പഠിക്കാനുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രിയായ രമേശ് ചന്ദ്ര ജിനയുടെ കേരള സന്ദര്‍ശന വേളയില്‍ കാപ്പിത്തോട് സന്ദര്‍ശിക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു.
ആലപ്പുഴ പട്ടണത്തില്‍ നിന്നാരംഭിച്ച് 14 കിലോമീറ്ററുകള്‍ പിന്നിട്ട് പൂക്കൈതയാറില്‍ അവസാനിക്കുന്നതാണ് കാപ്പിത്തോട്. മുമ്പ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ ആലപ്പുഴ പട്ടണത്തില്‍ എത്തിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു കാപ്പിത്തോട്. എന്നാല്‍ കാപ്പിത്തോടിന്റെ പല ഭാഗങ്ങളും ഇന്ന് തോടല്ല. കൈയ്യേറ്റക്കാര്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഭൂമിയാണ്. പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ മലിനജലക്കെട്ടുകളായി ഇതിന്റെ പല ഭാഗവും അവശേഷിക്കുകയാണ്.
പുന്നപ്ര മുതല്‍ പൂക്കൈതയാറ് വരെയുള്ള ഒമ്പത് കിലോമീറ്ററോളം നീളത്തില്‍ തോടിന് ഒഴുകാനുള്ള സൗകര്യം ഉണ്ടെങ്കിലും മഴക്കാലമെത്തുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുക. മറ്റ് സമയങ്ങളില്‍ ഈ പ്രദേശത്തുള്ള നൂറിലധികം ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളിലെ മാലിന്യം കൊണ്ടുപോകുന്ന ഓവുചാലായി തോട് മാറുന്നു. ഈ സമയങ്ങളില്‍ തോട്ടില്‍ നിന്ന് ഉയരുന്ന രൂക്ഷ ഗന്ധമാണ് മുപ്പത് വര്‍ഷക്കാലമായി തോടിന് ഇരുകരകളിലും താമസിക്കുന്നവരുടെ ദുരിതമായി മാറിയിരിക്കുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ സംസ്‌കരണ ശാലകള്‍ അടച്ചുപൂട്ടി കാപ്പിത്തോടിനേയും നാട്ടുകാരെയും രക്ഷിക്കണമെന്ന ആവശ്യം കാലങ്ങളായി നാട്ടുകാരും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നയിക്കുന്നു. മൂന്ന് പതിറ്റാണ്ടിനിടെ മാറിമാറി വന്ന സര്‍ക്കാരുകളും പഞ്ചായത്ത് ഭരണസമിതികളും ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ ഇക്ബാല്‍ പറഞ്ഞു. കാപ്പിത്തോടിന്റെ ഒഴുക്ക് ഇല്ലാതാക്കുന്ന കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും വേണ്ടത്ര മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളില്ലാത്ത ചെമ്മീന്‍ സംസ്‌കരണ ശാലകള്‍ പൂട്ടിക്കാനും ആറ് തവണ ജില്ലാ ഭരണകൂടം തീരുമാനമെടുത്തതാണ്. പക്ഷേ ആറ് തവണ തീരുമാനിച്ചെങ്കിലും ഒരു തവണപോലും തീരുമാനം നടപ്പാക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ കാണിച്ചിട്ടില്ല.
ഈ പ്രദേശത്തുള്ളവര്‍ക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വാസം നശിച്ചിരിക്കുകയാണെന്ന് വീട്ടമ്മയായ വനജ പറഞ്ഞു. ഇവിടെയുള്ള ചെമ്മീന്‍ സംസ്‌കരണ ശാലകളെല്ലാം ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന ശാലകള്‍ ഒഴിപ്പിക്കണമെന്ന് പല തവണ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ കൊണ്ടാണ് ഒഴിപ്പിക്കല്‍ നടക്കാത്തത്. തോടിന് അരികില്‍ പ്രവര്‍ത്തിക്കുന്ന കാക്കാഴം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് യഥാര്‍ത്ഥ ഇരകള്‍. ഇവിടെ എല്‍.കെ.ജി മുതല്‍ ടി.ടി.സി കോഴ്‌സ് വരെ പഠിപ്പിക്കുന്നുണ്ട്. ഈ സ്‌കൂളിലെ കുട്ടികള്‍ കാപ്പിത്തോട്ടിലെ മാലിന്യം നീക്കി തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയ പാത ഉപരോധിച്ചിരുന്നു. പക്ഷേ ഭരണാധികാരികള്‍ ആ ഉപരോധവും കണ്ടില്ല.
ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളാണ് തോടിന്റെ ഇരുകരകളിലായി താമസിക്കുന്നത്. ചെമ്മീന്‍ സംസ്‌കരണ ശാലകളില്‍ നിന്ന് ഒഴുക്കുന്ന മാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ആരോഗ്യ റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിരുന്നു. വേനല്‍ ആരംഭിച്ചതോടെ തോടിന് രൂക്ഷഗന്ധമായത് മൂലം സമീപത്ത് താമസിക്കുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച ഭരണാധികാരികളുടെ കഴിവുകേടിനെ പഴിക്കുകയാണ്.
