ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം കൊഴുക്കുന്നതിനിടയില്‍ തിങ്കളാഴ്ച മന്ത്രിതല സംഘം കൊട്ടാക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, വനംമന്ത്രി കെ.രാജു എന്നിവരടങ്ങിയ സംഘമാണ് വിവാദ ഭൂമി സന്ദര്‍ശിക്കാനെത്തുന്നത്.
കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്് പരിഹാരം കണ്ടെത്തുക, മേഖലയിലെ കര്‍ഷകരുടെ ആശങ്കകള്‍ അകറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘം കൊട്ടാക്കമ്പൂരിലെത്തുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ സി.പി.ഐ, സി.പി.എം പരസ്യമായ വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന വേളയിലെ സന്ദര്‍ശനം ഏവരും ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ട് പോലീസ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.
നാട്ടുകാരും കര്‍ഷകരും ജനപ്രതിനിധികളെയും സംഘത്തെയും തടയുമെന്ന സൂചനയുള്ളത് കാരണം മേഖലയില്‍ പോലീസ് നേരത്തെയെത്തി സാഹചര്യം വിലയിരുത്തി. മന്ത്രിമാരെ കൂടാതെ ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ പ്രേം കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളും സംഘത്തെ അനുഗമിക്കുന്നുണ്ട്.
വിവാദങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ സി.പി.എമ്മിനും സി.പി.ഐയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. കൊട്ടാക്കമ്പൂരിലെ കാലാകാലങ്ങളായി ജീവിച്ചു വരുന്ന ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്ന് സംഘത്തിലെ മന്ത്രിമാര്‍ പറഞ്ഞിരുന്നു. മൂന്നാറിലെത്തുന്ന മന്ത്രിമാര്‍ മൂന്നാറില്‍ വച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നായിരിക്കും സന്ദര്‍ശനം.
