പൊതുമാപ്പ് കാലാവധിക്ക് ശേഷം അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമായ പരിശോധനകള്‍ക്കൊരുങ്ങുന്നു. മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി തീരാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യന്‍ എംബസിയുടെ കണക്കു പ്രകാരം ഇന്ത്യക്കാരായ ആറായിരം മുതല്‍ എണ്ണായിയിരം വരെ അനധികൃത താമസക്കാര്‍ ഖത്തറിലുണ്ടെങ്കിലും പൊതുമാപ്പ് കാലാവധി രണ്ടു മാസം പിന്നിട്ടപ്പോള്‍ 150 ല്‍ താഴെ പേര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതേ തുടര്‍ന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിന് മാധ്യമങ്ങളും ഇന്ത്യന്‍ സംഘടനകളുമായി ചേര്‍ന്ന് വ്യാപകമായ കാംപയ്ന്‍ നടത്തുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. 10 മുതല്‍ 20 വര്‍ഷം വരെ നാട്ടില്‍ പോകാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്.. ഇത്തരക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതിന് പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാതെ രാജ്യത്ത് തങ്ങുന്നവരെ വലയിലാക്കാന്‍ ഡിസംബറില്‍ വ്യാപക പരിശോധന നടത്തുമെന്നും ഇത്തരക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ ഉണ്ടാവുമെന്നും സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ജാബര്‍ ലബ്‍ദയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി ഡിസംബര്‍ 1ന് അപ്പുറം നീട്ടാന്‍ സാധ്യതയില്ലെന്നും മൂന്ന് മാസമെന്നത് ദൈര്‍ഘ്യമേറിയ കാലയളവാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷം തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാര്‍ക്കുള്ള ശിക്ഷ. അനധികൃത താമസക്കാരെ ജോലിക്ക് വയ്‌ക്കുന്ന കമ്പനികളും വ്യക്തികളും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. സപ്‍തംബര്‍ 1 മുതലാണ് അനധികൃത താമസക്കാര്‍ക്ക് നിയമ നടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ സഹായിക്കുന്ന പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കുള്ള പൊതുമാപ്പിന്റെ കാലാവധി ഡിസംബര്‍ 1ന് അവസാനിക്കും.