പാലക്കാട്: പാലക്കാട് കാമ്പ്രത്ത് ചള്ളയിൽ 17 കാരനെ യുവാക്കൾ ചേർന്ന് മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടികളുടെ നമ്പർ ചോദിച്ചത് നൽകാത്തതിനാണ് സമീപവാസികളായ ചിലർ ചേർന്ന് കുട്ടിയെ മർദ്ദിച്ചത്. സംഭവം വിവാദമായതോടെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. കഴിഞ്ഞ 22 നാണ് കാമ്പരത്ത് ചള്ളയിലെ 17 കാരനെ സമീപവാസികളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചെണ്ട കൊട്ട് കലാകാരനായ കുട്ടിയുടെ ഒപ്പമുള്ള പെൺകുട്ടികളുടെ നമ്പർ ചോദിച്ചായിരുന്നു മർദ്ദനം.

സ്വാധീനക്കുറവുള്ള രണ്ട് വിരലുകൾ പിടിച്ചു തിരിച്ചും, തലക്കും മുഖത്തും അടിച്ചും സംഘം ക്രൂരത കാട്ടി. അക്രമം നടത്തിയ യുവാക്കൾ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മൂന്ന് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇവർ തന്നെ ഉപദ്രവിക്കുന്നതെന്ന് കുട്ടി പറയുന്നു.

കാമ്പ്രത്ത് ചള്ളയിലെ കൂലിപ്പണിക്കാരായ ദമ്പതികളുടെ മകനാണ് മർദ്ദനത്തിനിരയായത്. ഇനിയും തല്ലിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് ഉപദ്രവിക്കുന്നത് നിർത്തിയതെന്നും കുട്ടി പറയുന്നു. സംഭവം വിവാദമായതോടെ കൊല്ലങ്കോട് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.