ഇന്ന് പാർട്ടി വിളിച്ചുചേർത്ത യോഗത്തിൽ വരണമെന്നും ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് കൂറുമാറിയതായി കണക്കാക്കുമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ വിപ്പ്.

ബെംഗളൂരു: ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം തുടങ്ങി. കർണാടകത്തിലെ കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. 

വിമതരായ നാല് എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ രണ്ട് എംഎൽഎമാർ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാൽ മുൻ മന്ത്രിയായിരുന്ന രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിൽക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല.

ആകെ 75 എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോൺഗ്രസിന് കർണാടക നിയമസഭയിലുള്ള അംഗബലം. ഒരാൾ സ്പീക്കറായതിനാൽ ആകെ ഫലത്തിൽ 79 പേർ. 75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്.

Read More: 'കാണാതായ' രണ്ട് കോൺഗ്രസ് എംഎൽഎമാർ തിരിച്ചുവന്നു: കർ'നാടകം' തുടരുന്നു

വിധാനസൌധയിലെ കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുന്നത്. എത്ര പേർ യോഗത്തിനെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോൺഗ്രസ് ക്യാംപിൽ ബിജെപിയ്ക്ക് വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ബുധനാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ രണ്ട് എംഎൽഎമാർ നാടകീയമായി തിരിച്ചുവന്നിരുന്നു. ആനന്ദ് സിംഗും ഭീമ നായ്കുമാണ് തിരിച്ചുവന്നത്. ഫോൺ സ്വിച്ചോഫായെന്നും ഗോവയ്ക്ക് യാത്ര പോയതാണെന്നുമാണ് ഭീമ നായ്ക് പറഞ്ഞ വിശദീകരണം.

Read More: 'ഓപ്പറേഷൻ താമര' പൊളിഞ്ഞു: ബിജെപി എംഎൽഎമാർ കർണാടകത്തിലേക്ക് മടങ്ങുന്നു