ഇടുക്കി: ആസ്സാം സ്വദേശിയായ തോട്ടംതൊഴിലാളിയുടെ മകനെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കുട്ടിയെ സംഭവന്ധിച്ച് തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും യാതൊരുവിവരങ്ങളും ലഭിക്കാത്തിനെ തുടര്‍ന്ന് ഭിക്ഷാടന മാഫിയകളെ കേന്ദ്രീകരിച്ചും ബന്ധുക്കളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. 

ഭാഷസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇടനിലക്കാരുടെ സഹായത്തോടെയാണ് മാതപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യംചെയ്യലുമായി ഇവര്‍ സഹകരിക്കാത്തത് പൊലീസിന് സംശയം ഉളവാക്കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് മാതാപിതാക്കളായ നൂറുമുഹമ്മദ്ദും ഭാര്യ രസിതനിസയും കുട്ടികളുമായി നാട്ടിലേക്കും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും സന്ദര്‍ശനത്തിനായി പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ എസ്‌റ്റേറ്റിലെത്തിയത്. 

ഞായറാഴ്ച കുട്ടിയെ കാണാതെ പോയെങ്കിലും പൊലീസിനെ സമീപിക്കുന്നതിനോ പരാതിനല്‍കുന്നതിനോ ഇവര്‍ തയ്യറായില്ല. നാട്ടുകാരും പഞ്ചായത്ത് അംഗവുമാണ് സംഭവം പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെയും മതാപിതാക്കളുടെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഞയറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന നവറുദ്ദീന്‍ എന്ന ആറുവയസുകാരനെ കാണാതാവുന്നത്. വൈകുന്നേരത്തോടെ പൊലീസിന്റെ നേത്യത്വത്തില്‍ സമീപത്തെ തെയിലക്കാടുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.