ചെന്നൈ: എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവാകും. നാളെ ചേരുന്ന ഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കും. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ എഐഎഡിഎംകെയെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗം ആരോപിച്ചു.

ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് അധ്യക്ഷന്‍ കരുണാനിധിയെ ആയിരുന്നുവെങ്കിലും മകനും ഡിഎംകെ ട്രഷററുമായ എം.കെ. സ്റ്റാലിന്‍ തന്നെയാകും പ്രതിപക്ഷ നേതാവ്. കരുണാനിധി മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുമെന്നും പാര്‍ട്ടി അറിയിച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടി ഓഫിസുകളില്‍ യോഗങ്ങള്‍ തകൃതിയായി. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യുകയാണ് പാര്‍ട്ടികളുടെ അജണ്ട. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഐഎഡിഎംകെക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് മാറ്റിവച്ച രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പാര്‍ട്ടികളോട് ആലോചിക്കാതെ അടുത്ത മാസം 13ലേക്ക് മാറ്റിയതിനെയും യോഗം വിമര്‍ശിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പു പ്രധാനമന്ത്രി നരേന്ദ്ര മോദി ജയലളിതയെ അനുമോദിച്ചതിനെതിരെയും വിമര്‍ശനമുയര്‍വന്നു.

തിരുപ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടികൂടിയ 570 കോടിരൂപ എസ്ബിഐയുടേതാണെന്ന് അവര്‍ പറഞ്ഞെങ്കിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഡിഎംകെ ഉറച്ചുനില്‍ക്കുന്നു. ബിജെപി, ഡിഎംഡികെ, പാട്ടാളി മക്കള്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികളും തെരഞ്ഞെടുപ്പു തോല്‍വി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു.