കഴിഞ്ഞ ദിവസം റെയില്‍വേ അവഗണനയില്‍ പ്രതിഷേധിച്ച് പി.കരുണാകരന്‍ എം.പി. ജൂലൈ ഒന്നിന് കാസ‍ർകോട് റെയില്‍വേ സ്റ്റേഷനില്‍ നിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറകേയാണ് എൻഎ നെല്ലിക്കുന്ന് എംഎൽഎ ട്രെയിനിന്‍റെ ചങ്ങല വലിച്ച് പ്രതിഷേധിച്ചത്. 

കാസര്‍കോട്: പുതുതായി അനുവധിച്ച അന്ത്യോദയ എക്സ്പ്രസിന് കാസർഗോഡ് സ്റ്റോപ്പ് അനുവധിക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ ചങ്ങല വലിച്ച് ട്രയിൻ തടഞ്ഞു. കണ്ണൂർ കഴിഞ്ഞാൽ മംഗലാപുരത്താണ് അന്ത്യോദയയ്ക്ക് സ്റ്റോപ്പുള്ളത്. ട്രയിൻ പ്രഖ്യാപിക്കുമ്പോൾ കാസർഗോഡും സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ സർവീസ് തുടങ്ങിയതോടെ കാര്യങ്ങൾമാറി. പരാതിയും പ്രതിഷേധവുമായി പലരേയും സമീപിച്ചു. എന്നാല്‍ പരിഹാരം മാത്രമുണ്ടായില്ല. 

ഒടുവിൽ എം.എൽ.എ തന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകാനെത്തി. നിയമസഭാ സമ്മേളനം കഴിഞ്ഞ് ഇതേ ട്രയിനിൽ കയറിയ എൻ.എ നെല്ലിക്കുന്ന് കാസർഗോഡെത്തിയതോടെ ചങ്ങല വലിക്കുകയായിരുന്നു. പിന്തുണയുമായി ലീഗ് പ്രവർത്തകരുമെത്തി. ട്രയിൻ പ്ലാറ്റ് ഫോമിലെത്തുന്നതിന് മുമ്പാണ് ചങ്ങല വലിച്ച് നിർത്തിയത്. അരമണിക്കൂറോളം സമയം അന്ത്യോദയ കാസർഗോഡ് സ്റ്റേഷന് പിറകിൽ കിടന്നു. ഒടുവിൽ എം.എൽ.എയും കൂട്ടരും ഇറങ്ങിയതിന് ശേഷമാണ് യാത്ര തുടർന്നത്. 

ട്രയിൻ ചങ്ങലവലിച്ച് നിർത്തിയതിന് എം.എൽ.എക്കെതിരേയും ട്രാക്കിൽ നിന്ന് യാത്ര തടസ്സപ്പെടുത്തിയതിന് അമ്പതോളം വരുന്ന ലീഗ് പ്രവർത്തകർക്കെതിരേയും റയിൽവേ പൊലീസ് കേസെടുത്തു. രാജഥാനി അടക്കം നിലവിൽ ആറ് ട്രയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. കണ്ണൂരിനും മംഗാലാപുരത്തിനും ഇടയിലായി ഏറെയാത്രക്കാരാണുള്ളത്. ചികിത്സയ്ക്കും മറ്റു അത്യാവശ്യ ആവശ്യങ്ങൾക്കുമായി തിരുവനന്തപുരം അടക്കം തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് ട്രയിനുകൾ ഉപകാരപ്പെടുന്നില്ലെന്നതാണ് വാസ്തവം. 

തിരുവനന്തപുരത്തേക്ക് എട്ടുമണിക്കുള്ള ഏറനാട് പോയാൽ അടുത്ത ട്രയിനിന് ഏഴര മണിക്കൂർ കാത്തിരിക്കണം. വീണ്ടും മൂന്ന് മണിക്കൂർ വേണം മാവേലിയെത്താൻ. കണ്ണൂർ വരെ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി, എക്ലിക്യൂട്ടീവ്, ശതാബ്ദി ട്രെയിനുകൾ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതുവരേയും പരിഗണിച്ചില്ല. ഇനിയും അവഗണന തുടരാനാവില്ലെന്നാണ് കാസർഗോഡുകാർ പറയുന്നത്.

വ്യത്യസ്ഥമായ ബഹുജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായുണ്ട്. വരും ദിവസങ്ങളിലും സമാനമായ സമരങ്ങൾ തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം റെയില്‍വേ അവഗണനയില്‍ പ്രതിഷേധിച്ച് പി.കരുണാകരന്‍ എം.പി. ജൂലൈ ഒന്നിന് കാസ‍ർകോട് റെയില്‍വേ സ്റ്റേഷനില്‍ നിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറകേയാണ് എൻഎ നെല്ലിക്കുന്ന് എംഎൽഎ ട്രെയിനിന്‍റെ ചങ്ങല വലിച്ച് പ്രതിഷേധിച്ചത്.