കള്ളപ്പണം വെളിപ്പിക്കുന്നതിന് ചിലർ സാധരണക്കാരെ ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദിവസകൂലിയും ബാങ്കുകൾ വഴി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കറൻസിയില്ലാത്ത സമൂഹമാണ് തന്റെ ലക്ഷ്യമെന്നും അതിനായി യുവാക്കൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യത്ഥിച്ചു.

നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാജ്യവ്യാപകമായി പ്രതിപക്ഷപാർട്ടികൾ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ നടപടിയെ ന്യായീകരിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കഴിഞ്ഞ 70 വർഷമായി രാജ്യത്തെ ബാധിച്ച രോഗം ഭേദമാക്കാൻ കടുത്ത നടപടി സ്വാഭാവികമാണെന്ന് പറഞ്ഞു. കള്ളപ്പണക്കാരായ ചിലർ തീരുമാനത്തിൽ അസ്വസ്ഥരായെന്നും സാധാരണക്കാരെ ഉപയോഗിച്ച് ഇവർ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

വിമർശിക്കുന്നവർ കള്ളപ്പണക്കാരെന്ന പ്രധാനമന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ നിലപാടിലുറച്ച് നിൽകുന്നുവെന്ന സന്ദേശം മോദി നൽകിയത്. ദിവസക്കൂലിയുൾപ്പടെ എല്ലാ ഇടപാടുകളും ബാങ്കുകൾ വഴിയാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

രാജ്യത്തെ നോട്ട് ക്ഷാമം രൂക്ഷമായിരികുന്ന സാഹചര്യത്തിലാണ് കറൻസിയില്ലാത്ത സമൂഹമെന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. നോട്ട് പിൻവലിച്ചതിന് ശേഷം നടത്തിയ ആദ്യമൻകിബാത്തിൽ നടപടിക്ക് രാജ്യവ്യാപകപിന്തണയുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.,