സേനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി പോലും കള്ളം പറയുന്നുവെന്നാണ് ചിലര്‍ പറയുന്നത്. ദേശസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തെന്നും മോദി പറഞ്ഞു.  

ദില്ലി: റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. സേനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് മോദി പറഞ്ഞു. സുപ്രീം കോടതി പോലും കള്ളം പറയുന്നുവെന്നാണ് ചിലര്‍ പറയുന്നത്. ദേശസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. റഫാൽ വിഷയത്തിൽ സുപ്രീം കോടതിക്കെതിരെ കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.

സത്യം വിജയിച്ചെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ തിരുത്തൽ ഹർജിയിൽ കോടതി നടപടി ഈ മാസം പത്തൊമ്പതിന് ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന. കള്ളം ഭക്ഷിച്ച് ജീവിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിക്കുന്നതായി കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കോൺഗ്രസ് ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയുടെ മറുപടി.

ഏത് കള്ളത്തിനും ആയുസ്സില്ലെന്നും സത്യം വിജയിച്ചെന്നും മോദി അവകാശപ്പെട്ടു. കോടതിയിൽ തെറ്റായ സത്യവാങ്മൂലം നല്‍കിയതിന് നിയമമന്ത്രിയും, നിയമസെക്രട്ടറിയും അറ്റോർണി ജനറലും രാജിവയ്ക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. റഫാൽ വിമാനവില സിഎജിക്ക് കൈമാറി എന്നത് ശരി. എന്നാൽ സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നു എന്ന വിധിയിലെ പരാമർശം പിശകാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നല്‍കിയ അപേക്ഷ സുപ്രീം കോടതി 19ന് ശേഷമേ പരിഗണിക്കൂ.

ചീഫ് ജസ്റ്റിസ് 19 വരെ വിദേശത്താണെന്നാണ് കോടതിവൃത്തങ്ങൾ നല്‍കുന്ന സൂചന. നാളെ പാർലമെന്‍റില്‍ ചർച്ച നടത്താം എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി ഉത്തരവിലെ പിഴവ് തീരുത്തണമെന്ന് സർക്കാർ തന്നെ ആവശ്യപ്പെട്ടത് പ്രതിപക്ഷം ആയുധമാക്കും.