ഇമ്രാനെ ഫോണില്‍ ബന്ധപ്പെട്ട മോദി പാക്കിസ്ഥാനില്‍ ആഴത്തില്‍ ജനാധിപത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദില്ലി: പാക്കിസ്ഥാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പിടിഐ പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന് ആശംസകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായതില്‍ ഇമ്രാനെ മോദി അഭിനന്ദിച്ചു. പാക്കിസ്ഥാനില്‍ സഖ്യ സര്‍ക്കാരുണ്ടാക്കിയ ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 11നാണ്. ഇമ്രാനെ ഫോണില്‍ ബന്ധപ്പെട്ട മോദി പാക്കിസ്ഥാനില്‍ ആഴത്തില്‍ ജനാധിപത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അയല്‍രാജ്യത്തെ സമാധാന കാര്യത്തിലും വികസന കാര്യത്തിലും തന്‍റെ കാഴ്ചപ്പാടുകള്‍ മോദി ഇമ്രാനുമായി സംസാരിക്കുകയും ചെയ്തു. ഇന്ത്യയോട് വെറുപ്പും ദേഷ്യവുമുണ്ടായിരുന്ന തനിക്ക് ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇവിടെ വന്നപ്പോള്‍ ലഭിച്ച സ്നേഹം ഏറെ മാറ്റങ്ങള്‍ വരുത്തിയെന്ന് മുമ്പ് ഇമ്രാന്‍ പറഞ്ഞിട്ടുണ്ട്. ഇനി പ്രധാനമന്ത്രി എന്ന നിലയിലെത്തുമ്പോള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ വിഭജന കാലം മുതല്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ എന്ത് നിലപാടാകും ഇമ്രാന്‍ എടുക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
