ഹരിയാനയില്‍ വിവാദ ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് റോബര്‍ട്ട് വധ്ര രംഗത്ത് എത്തിയിരിക്കുന്നത്. തന്നെ അപമാനിക്കാന്‍ ശ്രമം നടക്കും. എന്നാല്‍ എല്ലാം നേരിടുമെന്നും രാജ്യം വിടില്ലെന്നും വാധ്ര വ്യക്തമാക്കി. ജീവിതത്തില്‍ വളരാന്‍ പ്രിയങ്കയുടെ സഹായം ആവശ്യമായി വന്നില്ലെന്നും തന്റെ അച്ഛന്‍ ആവശ്യമായതെല്ലാം നല്കിയെന്നും വധ്ര പറയുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം തീരുമാനിക്കുമെന്നും വധ്ര വ്യക്തമാക്കുന്നു. താന്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ സംഭാവനകള്‍ കൂടി മനസ്സില്‍ വച്ചായിരിക്കും തീരുമാനം. മോദി സര്‍ക്കാരിനെതിരെ കലാപമുണ്ടാകുമെന്നും വധ്ര പറയുന്നു. വധ്ര ഈ സമയത്ത് വാര്‍ത്താ ഏജന്‍സിക്ക് ഇത്തരമൊരു അഭിമുഖം നല്കിയത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് മുന്‍കൂട്ടി കണ്ടാണ് വധ്രയുടെ പ്രതിരോധമെന്നാണ് ഒരു സൂചന. ഒപ്പം രാഷ്ട്രീയത്തിലിറങ്ങാനുള്ള മോഹം വധ്ര മറച്ചു വയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
