ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്ന ചൂടേറിയ പോരാട്ടത്തെ സൂചിപ്പിച്ചു കൊണ്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

അധികം വൈകാതെ കര്‍ണാടകയും കോണ്‍ഗ്രസ് മുക്തമായി മാറുമെന്ന് ബിജെപി നേതാവ് യെദ്യൂരിയപ്പ നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേ മോദി പറഞ്ഞു. പുറത്തേക്കുള്ള വാതിലിനരികില്‍ നില്‍ക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനം കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്ന് പൂര്‍ണമുക്തി നേടും. 

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കര്‍ണാടകയ്ക്കുള്ള വിഹിതത്തില്‍ 180 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ പണമൊന്നും കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളിലെത്തിച്ചില്ല. ഇവിടെ ചിലര്‍ക്ക് ജനക്ഷേമത്തേക്കാള്‍ സ്വന്തം ക്ഷേമത്തോടാണ് താത്പര്യം. കര്‍ഷകന്റെ മകനായ യെദ്യൂരിയപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസം ലഭിക്കും. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരും ബിജെപി നയിക്കുന്ന കര്‍ണാടക സര്‍ക്കാരും ഒത്തുചേര്‍ന്നാല്‍ ഇവിടെ അത്ഭുതങ്ങളാവും നടക്കുകയെന്നും മോദി പറഞ്ഞു. 

അതേസമയം ബിജെപിയുടേത് വെറും വാക്ക്കസര്‍ത്താണെന്നും പരിവര്‍ത്തന്‍ യാത്ര എന്ന പേരില്‍ നുണകള്‍ പടച്ചു വിടുകയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. പരിവര്‍ത്തന്‍ യാത്രയ്ക്ക് വന്ന ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷ അവര്‍ക്ക് വേണ്ട സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനേയോ കോണ്‍ഗ്രസിനേയോ ആക്രമിക്കാന്‍ ഒരായുധവും അവരുടെ കൈയിലില്ല. അതിനാല്‍ പരമാവധി നുണകള്‍ പടച്ചു വരുത്താനും സമാധാനന്തരീക്ഷം തകര്‍ക്കാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമം - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു പറയുന്നു.