ഹൈദരാബാദ്: മാസങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് മെട്രോ റെയില്‍ രാജ്യത്തിനായി സമര്‍പ്പിച്ചു. കനത്ത സുരക്ഷയില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനൊപ്പം മോദി മെട്രോ റെയിലില്‍ യാത്ര ചെയ്തു. നാല് സ്‌റ്റേഷനുകളിലൂടെയാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ബുധനാഴ്ച മെട്രോ ജനങ്ങള്‍ക്കായി തുറക്കും. 

വൈകീട്ട് ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഉച്ചകോടിയില്‍ പങ്കെടുക്കും. 

ഹൈദരാബാദ് മെട്രോ സവിശേഷതകള്‍

ഹൈദരാബാദ് മെട്രോയില്‍ സഞ്ചരിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ കാര്‍ഡുകള്‍ മറ്റ് ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാം. ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്ററാണ് മെട്രോയുടെ ദൂരപരിധി. 17 ലക്ഷം യാത്രക്കാരെയാണ് പ്രതിദിനം
 മെട്രോ യാത്രയില്‍ പ്രതീക്ഷിക്കുന്നത്.ആദ്യഘട്ടം നോര്‍ത്ത് ഹൈദരാബാദിലെ മിയാപൂരില്‍നിന്ന് അമീര്‍പേട്ട് വരെയാണ്. 24 സ്‌റ്റേഷനുകളാണ് ഈ ഘട്ടത്തിലുള്ളത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് 10 വരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക. 10 രൂപ മുതല്‍ 60 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഓരോ സ്‌റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നത്. 2012 ജൂലൈയില്‍ ആരംഭിച്ച പദ്ധതി 2017 ജൂണിലാണ് പൂര്‍ത്തിയായത്. അടുത്ത ഘട്ടം 2018 ഓടെ പൂര്‍ത്തിയാക്കാനിരിക്കുകയാണ്.