കഠിനാദ്ധ്വാനിയായ സർസംഘചാലക് എന്ന് മോദിയുടെ പ്രശംസ

ദില്ലി: എഴുപത്തഞ്ചാം ജന്മദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പുകഴ്ത്തി നരേന്ദ്ര മോദി. വസുധൈവ കുടുംബകത്തിൻറെ പ്രതീകമായ ഭാഗവതിന്‍റെ നയങ്ങൾ സാഹോദര്യവും ഒരുമയും വളർത്തുന്നു എന്ന് മോദി പത്രങ്ങളിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. എഴുപത്തഞ്ചാം വയസ്സിൽ നേതാക്കൾ റിട്ടയർ ചെയ്യണം എന്ന തൻറെ നിലപാട് ഭാഗവത് തിരുത്തിയതിന് ശേഷമാണ് മോദിയുടെ ഈ ലേഖനം.

ആർഎസ്എസിൻറെ പരിണാമത്തിന് നിർണ്ണായക സംഭാവനകൾ നല്കിയ സർസംഘചാലക് എന്നാണ് നരേന്ദ്ര മോദി മോഹൻ ഭാഗവതിനെ വിശേഷിപ്പിക്കുന്നത്. ആർഎസ്എസ് മേധാവിയുടെ എഴുപത്തഞ്ചാം ജന്മദിനത്തിൽ മലയാള പത്രങ്ങളിലുൾപ്പടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രചാരകനിൽ തുടങ്ങി സർസംഘചാലകിലേക്ക് എത്തിയ ഭാഗവതിന്‍റെ ജീവിതം മോദി വിവരിക്കുന്നു. ആർഎസ്എസിൽ .യൂണിഫോമിലടക്കം പല മാറ്റങ്ങളും ഭാഗവത് കൊണ്ടു വന്നു. വസുധൈവ കുടുംബകം എന്ന ആശയം ഉൾക്കൊണ്ട ഭാഗവത് മൈത്രിക്കും ഐക്യതതിനുമാണ് മുൻഗണന നല്കുന്നതെന്നും നരേന്ദ്ര മോദി പറയുന്നു.

 ആർഎസ്എസിൽ ഒരേ കാലഘട്ടതിൽ ഉയർന്നു വന്ന നേതാക്കാണ് മോദിയും ഭാഗവതും. നരേന്ദ്ര മോദിക്ക് അടുത്ത ബുധനാഴ്ച 75 വയസ് തികയും. പ്രായം 75 ആകുമ്പോൾ നേതാക്കൾ റിട്ടയർ ചെയ്യണം എന്ന ഭാഗവതിൻറെ പ്രസ്താവന നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. താനോ മോദിയോ റിട്ടർ ചെയ്യും എന്നല്ല ഉദ്ദേശിച്ചതെന്ന് ഭാഗവത് അടുത്തിടെ വിശദീകരിച്ചു. ബിജെപി അദ്ധ്യക്ഷനെ നിർണ്ണയിക്കുന്നതിൽ ആർഎസ്എസിനും ബിജെപിക്കുമിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുണ്ട്. ഭാഗവത് ഇത് നിഷേധിച്ചെങ്കിലും തീരുമാനം നീളുന്നത് ആർഎസ്എസ് നിർദ്ദേശിച്ചവ‍ർ നരേന്ദ്ര മോദിക്ക് സ്വീകാര്യരല്ലാത്തതുകൊണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർഎസ്എസിൻറെ അതൃപ്തി ബിജെപിയെ ബാധിച്ചിരുന്നു. പിന്നീട് സംഘവുമായുള്ള ബന്ധം നന്നാക്കാൻ നരേന്ദ്ര മോദി എല്ലാ ശ്രമവും നടത്തി. നാഗ്പൂരിലെത്തിയ മോദി ആർഎസ്എസിനെ വടവൃക്ഷം എന്നാണ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി ആർഎസ്എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോഹൻ ഭാഗവതിനെക്കുറിച്ചുള്ള ലേഖനം കൂടി പ്രസിദ്ധീകരിച്ച് സംഘവുമായുള്ള എല്ലാ അകല്ച്ചയും ഒഴിവാക്കാൻ നരേന്ദ്ര മോദി ശ്രമിക്കുന്നത്.

Scroll to load tweet…