ദില്ലി: ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധൻ്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേർത്തു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.
അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ നടന്നു വരുന്ന അക്രമങ്ങളുടെ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. ക്രമസമാധാന നില താറുമാറായ സംഭവത്തില്‍ പ്രധാനമന്ത്രിയെ അടക്കം ഇന്നലെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലേയെന്നു പോലും കോടതി ചോദിച്ചു.
