ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ഹാഫീസ് സയ്യിദിനും ഒസാമ ബില്ലാദന്‍റെ വിധിയാകണമെന്ന് ബാബാ രാംദേവ്. 

ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ഹാഫീസ് സയ്യിദിനും ഒസാമ ബില്ലാദന്‍റെ വിധിയാകണമെന്ന് ബാബാ രാംദേവ്. അല്ലെങ്കില്‍ ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ സിആര്‍പിഎഫ് വാഹനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ 39 സൈനികരാണ് കൊല്ലപ്പെട്ടത്.

രാജ്യത്തിന് പുറത്ത് നിന്നെത്തിയതും രാജ്യത്തുള്ളതുമായ തീവ്രവാദികളെ പ്രത്യേകിച്ച് മസൂദ് അസ്ഹര്‍, ഹാഫീസ് സയ്യിദ് എന്നിവരെ തുരത്തണം. അവര്‍ എവിടെയാണെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരണം അല്ലെങ്കില്‍ ഒസാമ ബില്ലാദന്‍റെ വിധിയാകണം ഇരുവര്‍ക്കുമെന്നാണ് ബാബാ രാംദേവ് ആവശ്യപ്പെട്ടത്. പാക്ക് അധീന കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കണം. പാക്ക് അധീന കാശ്മീരിനെ കഴിയുമെങ്കില്‍ തിരിച്ചുപിടിക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

മസൂദ് അസ്ഹറും ഹാഫീസ് സയ്യിദും ജീവനോടെ ഉണ്ടാകില്ലെന്നെങ്കിലും മോദി പറയണം. പാക്കിസ്ഥാന്‍റെ കയ്യില്‍ ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നതോര്‍ത്ത് പേടിക്കരുത്. നമുക്കും ന്യൂക്ലിയര്‍ ആയുധങ്ങളുണ്ട്. എന്നാല്‍ ഇത് ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറച്ച് ചിന്തിക്കേണ്ട സമയമല്ലെന്നും നമ്മുടെ ധൈര്യവും പരമാധികാരവുമാണ് ഇവിടുത്തെ വിഷയമെന്നും രാംദേവ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് ഏതൊരു സംഭവം നടക്കുമ്പോഴും ഉറപ്പായും ചില വീഴ്ചകളുമുണ്ടാകും. വിമര്‍ശിക്കാനുള്ള സമയമല്ലിതെന്നും നടപടിയെടുക്കേണ്ട സമയമാണിതെന്നുമാണ് ബാബാ രാം ദേവിന്‍റെ മറുപടി.