ആൾക്കൂട്ടക്കൊലകൾക്കെതിരെ ഞാനും എന്റെ പാർട്ടിയും വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പല സന്ദർഭങ്ങളിലും ഈ സംഭവങ്ങൾക്കെതിരെ സംസാരിച്ചിട്ടുമുണ്ട്. 


ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും സമാധാനം ഉറപ്പാക്കാൻ പരിശ്രമിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാധ്യമത്തിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് മോദി ഇപ്രകാരം പറഞ്ഞത്. ''ആൾക്കൂട്ടക്കൊലകൾക്കെതിരെ ഞാനും എന്റെ പാർട്ടിയും വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പല സന്ദർഭങ്ങളിലും ഈ സംഭവങ്ങൾക്കെതിരെ സംസാരിച്ചിട്ടുമുണ്ട്. എല്ലാ ആൾക്കൂട്ടക്കൊലപാതകവും ദൗർഭാ​ഗ്യകരമാണ്. ഇക്കാര്യങ്ങളെ രാഷ്ട്രീയവത്ക്കരിച്ച് വഷളാക്കാതെ സമൂഹത്തിൽ സമാധാനവും ഐക്യവും ഉറപ്പാക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.'' മോദി കൂട്ടിച്ചേർത്തു. 

ആൾക്കൂട്ടം നീതി നടപ്പാക്കുന്ന പ്രവണത ക്രിമിനൽ കുറ്റമാണ്. ഈ സംഭവങ്ങൾക്ക് മേൽ രാഷ്ട്രീയം ആരോപിക്കുന്നത് വളരെ പരിഹാസ്യമായ പ്രവർത്തിയാണ്. സംഭവത്തിന്റെ ​ഗൗരവം കുറയ്ക്കാനെ ഇതുപകരിക്കൂ. ക്രിമിനൽ മാനസികാവസ്ഥയുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലായി നാൽപത് സംഭവങ്ങളിലായി നാൽപത്തഞ്ച് പേരാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. 2014 മുതൽ 2018 വരെ ഒൻപത് സംസ്ഥാനങ്ങളിലായി നടന്ന സംഭവങ്ങളുടെ കണക്കാണിത്. ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.