ദില്ലി: അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മൊസാമ്പിക്, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കെനിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഇന്ദിരാഗാന്ധിക്ക് ശേഷം ആഫിക്കന്‍ രാജ്യമായ മൊസാമ്പിക്ക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വ്യാഴാഴ്ച രാവിലെ മൊസാമ്പിക് പ്രസിഡന്റ് ഫിലിപ് ന്യൂസിയുമായി കൂടിക്കാഴ്ച നടത്തും. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളില്‍ ഇന്ത്യയും മൊസാമ്പിക്കും ഒപ്പുവെക്കും. മൊസാമ്പിക്കില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ - ദക്ഷിണാഫ്രിക്ക വ്യവസായ കൂടിക്കാഴ്ചയും നടക്കും. 1.2 മില്യണ്‍ ഇന്ത്യക്കാരാണ് ദക്ഷിണാഫ്രിക്കയിലുള്ളത്.