മോദി ഖത്തർ സന്ദർശിക്കുന്ന കാര്യം ദില്ലിയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എഷ്യാനെറ്റ് ഉൾപെടെയുള്ള മാധ്യമങ്ങൾ തുടക്കം മുതൽ റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച ഒരു വിശദീകരനത്തിനും തയാറാകാതിരുന്ന എംബസി വൃത്തങ്ങൾ ഒടുവിൽ ഇന്ത്യൻ പ്രവാസി സംഘടനകളുടെ തുടർച്ചയായ സമ്മർദത്തെ തുടർന്ന് അവസാന നിമിഷം സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുകയായിരുന്നു.
എന്നാൽ പ്രധാന മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ തനിക്ക് അറിയില്ലെന്നായിരുന്നു ഇന്ത്യൻ അംബാസിഡരുടെ വിശദീകരണം. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തിനു വേണ്ടത്ര പ്രാധാന്യമോ പ്രചാരണമോ നൽകാൻ കഴിയാത്തതിന്‍റെ നിരാശയിലാണ് ഖത്തറിലെ പ്രവാസി സമൂഹം.
ദില്ലിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് മുതൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളറിയാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ പോലും അംബാസിഡർ ഇതുവരെ തയാറായിട്ടില്ല. അഫ്ഗാന്‍ സന്ദർശനത്തിനു ശേഷം വൈകീട്ട് നാലിന് ദോഹയിലെത്തുന്ന പ്രധാന മന്ത്രി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും ഭരണ നേതൃത്വത്തിലെ മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
അഞ്ചാം തിയതിയാണ് സുപ്രധാന ചർച്ചകൾ നടക്കുക. ഇതിനു ശേഷം ഏഷ്യൻ ടൌണിലെ തൊഴിലാളികൾക്കായി നിർമിച്ച ലേബർ സിറ്റി പ്രധാന മന്ത്രി സന്ദർശിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. അഞ്ചിന് വൈകീട്ട് ഷെരാട്ടൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിലെ പല പ്രമുഖരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കാതെ മാറ്റി നിർത്തിയതായും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
