പാലക്കാട് : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപന മേധാവികൾ ദേശീയ പതാക ഉയർത്തണമെന്ന സംസ്ഥാന സർക്കാർ സർക്കുലർ നിലനിൽക്കെ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ ദേശീയ പതാക ഉയർത്തി. സിബിഎസ്ഇ സിലബസുള്ള അൺ എയ്ഡഡ് സ്കൂളായതിനാൽ സർക്കാർ മാർഗനിർദ്ദേശ ബാധകമല്ലെന്ന നിലപാടിലാണ് വേദവ്യാസ വിദ്യാപീഠം സ്കൂളിൽ ചടങ്ങ് നടന്നത്.
വ്യാസ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും ആർ എസ് എസ് സംസ്ഥാന ശിബിരത്തിനെത്തിയ ഏഴായിരം പ്രവർത്തകരും ഒത്തുചേർന്ന വലിയ സദസിനെ സാക്ഷി നിർത്തിയാണ് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് ദേശീയ പതാക ഉയർതിയത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ കലക്ടർ ടെ ഉത്തരവ് മറികടന്ന് എയ്ഡഡ് സ്കൂളായ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് പതാക ഉയർത്തിയത് വലിയ വിവാദം ആയിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ അതത് സ്ഥാപന മേധാവികളാണ് ദേശീയ പതാക ഉയർത്തേണ്ടത് എന്ന് സർക്കാർ സർക്കുലർ ഇറക്കിയത്. എന്നാൽ ആർ എസ് എസ്സിന് കീഴിലെ അൺ എയ്ഡഡ് സ്ഥാപനമായ വേദവ്യാസ പീഠത്തിന് സർക്കുലർ ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ആർ എസ് എസും സ്ക്കൂൾ അധികൃതരും ചടങ്ങ് സംഘടിപ്പിച്ചത്..
സംഘ് പരിവാർ ചിന്തകൻ ആർ ഹരിയുടെ രചനാ സമാഹാരത്തിന്റെ പ്രകാശനവും മോഹൻ ഭാഗവത് നിർവഹിച്ചു. വ്യാസ വിദ്യാപീOത്തിൽ മൂന്നു ദിവസമായി നടക്കുന്ന ആർ എസ് എസ് സംസ്ഥാന ശിബിരത്തിൽ മുഴുവൻ സമയവും മോഹൻ ഭാഗവത് പങ്കെടുക്കും.
