മോഹന്‍ലാലിനെ തിരുവനന്തപുരത്തുനിന്നും അക്ഷയ് കുമാറിനെ ദില്ലിയില്‍നിന്നും മാധുരി ദീക്ഷിതിനെ മുംബൈയില്‍നിന്നും മത്സരിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ബിജെപി

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിനിമാ, സ്പോര്‍ട്സ്, സാംസ്കാരിക മേഖലകളില്‍നിന്ന് ഉള്‍പ്പെടെയുള്ള താരങ്ങളെ കളത്തിലിറക്കാന്‍ ബീജെപി നീക്കം. നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരം സെവാഗ്, ബോളിവുഡ് താരം അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍ തുടങ്ങി 70 ഓളം പേരെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 

മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നും അക്ഷയ് കുമാര്‍ ദില്ലിയില്‍നിന്നും മാധുരി ദീക്ഷിത് മുംബൈയില്‍നിന്നും മത്സരിക്കാനാണ് സാധ്യത. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍നിന്ന് ബോളിവുഡ് നടന്‍ സണ്ണി ഡിയോളിനെ മത്സരിപ്പിക്കാനുമുള്ള സാധ്യതകളും പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കൂടുതല്‍ പ്രൊഫഷണല്‍ താരങ്ങളെ മത്സരിപ്പിക്കാനാണ് മോദി താത്പര്യപ്പെടുന്നത്. ഓരോ മണ്ഡലത്തില്‍നിന്നും അഞ്ച് പ്രൊഫഷണല്‍സിനെ നിര്‍ദ്ദേശിക്കാന്‍ എംപിമാര്‍ക്ക് മോദി കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം നല്‍കിയിരുന്നു. താരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. എംപിമാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരിത്തുന്ന ബിജെപി നേതൃത്വം, മോശം പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവരെ മാറ്റി താരങ്ങളെ പകരം മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ പറയുന്നു.