ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. കടല്‍ എന്ന പ്രാദേശിക സംഗീത ബാന്‍ഡിലെ ഗായകന്‍ അബിനേഷാണ് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. വിഴി‌ഞ്ഞം ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള ബീച്ചില്‍ ഭാവി വധുവുമായി സംസാരിച്ചിരുന്ന അബിനേഷിനെ ഒരു സംഘം ഭീഷണിപ്പെടുത്തി. അസഭ്യവര്‍ഷം തുടങ്ങിയ അക്രമി സംഘം, യുവാവിനെ മര്‍ദ്ദിച്ചു. കൂടെയുള്ളത് ഭാവി വധുവാണെന്ന് ബോധ്യപ്പെടുത്താന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് കൊടുത്തിട്ടും സംഘം മര്‍ദ്ദനം തുടര്‍ന്നുവെന്ന് യുവാവ് പറയുന്നു. 

പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞിട്ടും അക്രമികള്‍ക്ക് കൂസലുണ്ടായില്ല. ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞെന്നും യുവാവ് പരാതിയില്‍ പറയുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ ചില നാട്ടുകാരാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. തലയ്‌ക്കും കഴുത്തിനും മര്‍ദ്ദനമേറ്റ യുവാവ്, ആശുപത്രിയില്‍ ചികിത്സ തേടി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.