മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പുതിയ പദ്ധതിയെ പരിഹസിച്ച എഐഎഡിഎംകെ എംപി സി.വി. ഷണ്മുഖത്തിന്റെ പ്രസംഗം തമിഴ്‌നാട്ടിൽ വൻ വിവാദമായി. തനിക്ക് നടി നയൻതാരയെ വേണമെന്നും സ്റ്റാലിൻ അത് നടത്തിത്തരുമോ എന്നും ചോദിച്ച എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ എംപിയുടെ പൊതുവേദിയിലെ പ്രസംഗം വൻ വിവാദത്തിൽ. മുഖ്യമന്ത്രിയുടെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്ന പുതിയ പദ്ധതിയെ പരിഹസിച്ചുകൊണ്ട് എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. "എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ?" എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം.
വിഴുപ്പുറം ജില്ലയിൽ എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു എംപിയുടെ പ്രസംഗം. നടി നയൻതാരയെ പരാമർശിച്ച് നടത്തിയ ലൈംഗിക ചുവയോടെ നടത്തിയ ഈ പ്രതികരണം വ്യാപക വിമർശനത്തിന് കാരണമായി. വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയുന്ന പുതിയ പദ്ധതിയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഏപ്രിൽ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. പദ്ധതിയെ രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം നടിയുടെ പേര് വലിച്ചിഴച്ചതും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണം നടത്തിയതുമാണ് വിവാദമായത്.
തമിഴ്‌നാട്ടിലെ മുഴുവൻ സ്ത്രീകളെയുമാണ് എംപി ഷൺമുഖം അപമാനിച്ചതെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. രാഷ്ട്രീയ നയങ്ങളെ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്ത്രീകളെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ നവമാധ്യമങ്ങളിലടക്കം എംപിക്കെതിരെ വലിയതോതിൽ വിമർശനം ഉയർന്നു. എഐഎഡിഎംകെ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പാർട്ടിക്കകത്ത് എംപിയുടെ പ്രസ്താവന തെറ്റാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. മുൻപ് എംകെ സ്റ്റാലിനെതിരെ നടത്തിയ മറ്റൊരു പ്രസംഗത്തിലും എംപി സമാനമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. മുഖ്യമന്ത്രി സൗജന്യമായി ഭാര്യമാരെ നൽകുമെന്നായിരുന്നു അന്നത്തെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.


