ഗോള്‍ഫ് താരങ്ങള്‍ക്ക് പിന്നാലെ ടെന്നിസ് താരങ്ങളും റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുന്നു. സിക വൈറസ് ഭീഷണിക്കെതിരെ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും താരങ്ങളുടെ ആശങ്ക മാറുന്നില്ല. വിംബിള്‍ഡണ്‍ സെമിഫൈനലിസ്റ്റ് തോമസ് ബര്‍ഡിഷ്, ലോക ഏഴാം നമ്പര്‍ താരം മിലോസ് റവോണിച്ച്, അഞ്ചാം നമ്പര്‍താരം സിമോണ ഹാലെപ് എന്നിവര്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. റിയോയില്‍ നിന്നുള്ള പിന്‍മാറ്റം ഏറെ വേദനയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യ സുരക്ഷയ്‌ക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കി. 

ചെക് താരമായ ബര്‍ഡിഷിനൊപ്പം നാട്ടുകാരിയായ കരോലിന പ്ലിസ്കോവയും പിന്‍മാറിയിട്ടുണ്ട്. റുമാനിയന്‍ താരമായ ഹാലെപ് ഫേസ്ബുക്കിലുടെയാണ് പിന്‍മാറ്റം അറിയിച്ചത്. വിംബിള്‍ഡണ്‍ സെമിയിയില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ച താരമാണ് കാനഡക്കാരായ റവോണിച്ച്. നേരത്തേ,മുന്‍നിര ഗോള്‍ഫ് താരങ്ങായ റോറി മക്ലോറി, ‍ഡസ്റ്റിന്‍ ജോണ്‍സന്‍, ജോര്‍ദാന്‍ സ്‌പീത്ത്, ജേസന്‍ ഡേ തുടങ്ങിയവര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിരുന്നു.