സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കും. ബാറുകള്‍ക്കായി സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്കുള്ള നിയന്ത്രണം മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീംകോടതി ഉത്തവിട്ടു.

ദേശീയ സംസ്ഥാന പാതയോരത്തെ 500 മീറ്റര്‍ ദൂരപരിധിയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ച് 129 ബിയര്‍ പാര്‍ലറുകള്‍ ത്രീസ്റ്റാറിന് മുകളിലുള്ള 70 ബാറുകള്‍ 76 കള്ളുഷാപ്പുകള്‍ 10 മദ്യശാലകള്‍ 4 ക്ലബുകള്‍ എന്നിവ ഉള്‍പ്പെടെ 289 എണ്ണം തുറക്കാനാകും. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ പാതയോരത്തെ മദ്യശാലകള്‍ക്കുള്ള നിരോധനം മുനിസിപ്പില്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മുനിസിപ്പല്‍ പരിധിയില്‍ നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം. പുതിയ ലൈസന്‍സ് നല്‍കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തെയുള്ള ഉത്തരവില്‍ വ്യക്തത വരുത്തിയാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത്. ഇതോടെ മുനിസിപ്പല്‍ പരിധിയിലെ പാതകളുടെ പുനര്‍വിജ്ഞാപനം സര്‍ക്കാരിന് നടത്തേണ്ടിവരില്ല.