അബ്ദുറഹ്മാന്‍, ദില്‍ന, ജാസിം, ഷഹബാസ് എന്നിവരാണ് മരിച്ചത്. 

കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. അബ്ദുറഹ്മാന്‍, ദില്‍ന, ജാസിം, ഷഹബാസ് എന്നിവരാണ് മരിച്ചത്. 

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു. എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. 

ഹസന്‍റെ കുടുംബത്തിലെ ഏഴ് പേരും, അബ്ദുൾ റഹ്മാന്റ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. കണ്ടെത്താനുള്ള എട്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുമ്പോഴും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അതേസമയം, ഉരുള്‍പ്പൊട്ടലിന് ആഘാതം കൂട്ടിയത് തടയണയെന്ന് ആരോപണം. ഉരുള്‍പൊട്ടിയ മലയ്ക്ക് മുകളില്‍ തടയണ നിര്‍മ്മിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തടയണ. സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു.