ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്നു യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. സൗദിക്കു മുകളിലൂടെ പറക്കുന്നതിനു ഖത്തര്‍ എയര്‍വേയിസിനു നിരോധനം ഏര്‍പ്പെടുത്തി. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത് യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള വിദേശികളെ പ്രതിസന്ധിയിലാക്കി. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള ചരക്കു നീക്കവും സ്തംഭിച്ചു.

വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള വിദേശികളുടെ യാത്ര പ്രതിസന്ധിയിലായി. എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വെയ്സ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായി വിമാനങ്ങള്‍ ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നും വരും ദിവസങ്ങളിലുമായി ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കി.

യാത്രക്കാരിലേറെയും ഒമാന്‍, കുവൈത്ത് രാജ്യങ്ങളിലേക്ക് ടിക്കറ്റ് മാറിയെടുത്തു. നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങളിലേക്കുള്ള സര്‍വീസ് ഖത്തര്‍ എയര്‍വേയ്സും നിര്‍ത്തിവച്ചു. യുഎഇയില്‍ നിന്ന് പ്രതിദിനം 14 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തിയിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ യുഎഇലെ ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലും ബിസിനസ് ചെയ്യുന്നവരാണ്. പലപ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ശാഖകളുമുണ്ട്. യാത്രമുടങ്ങിയത് ബിസിനസ്സിനെ കാര്യമായി ബാധിക്കുമെന്നും ഇക്കൂട്ടര്‍ ആശങ്കപ്പെടുന്നുണ്ട്.

വിനോദ സഞ്ചാരത്തിനും മറ്റുമായി ഖത്തറിലേക്കും യുഎഇലേക്കും ആയിരങ്ങളാണ് പ്രതിദിനം യാത്രചെയ്തിരുന്നത് ഇവരുടെയെല്ലാം യാത്ര മുടങ്ങി. വരും ദിവസങ്ങളില്‍ ഇത് ടൂറിസം മേഖലകളേയും ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വ്യോമ മാര്‍ഗം കൂടാതെ കര ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും സ്‍തംഭിച്ചു. പുതിയ സംഭവ വികാസങ്ങള്‍ ഏതുരീതിയില്‍ തങ്ങളെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും.