നാവികസേനയുടെ മുങ്ങൽ വിദ​ഗ്ദ്ധരും പത്ത് പമ്പുകളുമായി ഒഡിഷ അ​ഗ്നിശമന സേനാ വിഭാ​ഗവും ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്: മേഘാലയയിൽ ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായി തിരച്ചിൽ ശക്തമാക്കി അധികൃതർ. പതിനാറാം ദിവസമായ ഇന്നും തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ദ്ധരും പത്ത് പമ്പുകളുമായി ഒഡിഷ അ​ഗ്നിശമന സേനാ വിഭാ​ഗവും ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഈ മാസം ഡിസംബർ 13 നാണ് മേഘാലയയിലെ ജയന്തിയ മലനിരകളിലെ കൽക്കരി ഖനിക്കുള്ളിൽ 17 തൊഴിലാളികൾ കുടുങ്ങിയത്. 

പമ്പ് നിർമ്മാണ കമ്പനിയായ കിർലോസ്കർ കമ്പനിയുടെ സഹായവും രക്ഷാപ്രവർത്തിനുണ്ട്. 20 പമ്പുകൾ ഉപയോ​ഗിച്ച് ഖനിക്കുള്ളിൽ നിറഞ്ഞിരിക്കുന്ന വെള്ളം പമ്പ് ചെയ്ത് പുറത്തേയ്ക്ക് കളയാനുള്ള സംവിധാനമാണ് ആദ്യം ചെയ്യുന്നത്. തൊട്ടടുത്ത നദിയിൽ നിന്നും ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞത് മൂലമാണ് തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിപ്പോയത്. വെള്ളം പുറത്തു കളയാൻ തക്കവിധം ശേഷിയുള്ള പമ്പുകൾ ഇല്ലാത്തത് കൊണ്ടാണ് രക്ഷാപ്രവർത്തനം മന്ദ​ഗതിയിലായത്.