അക്രമികളെന്ന് സംശയിക്കുന്ന കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൊലീസ് പുറത്തു വിട്ടേക്കും.

തിരുവനന്തപുരം:സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലും പന്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് പുലര്‍ച്ചെ വരെ 2061 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിവിധ സംഭവങ്ങളിലായി 452 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 

ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ക ഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായിരുന്നു. ഇതിനു ശേഷം ജില്ലാ അടിസ്ഥാനത്തില്‍ ആളുകളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇന്നലെ രാത്രിയും പ്രതികള്‍ക്ക് വേണ്ടി സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നുവെന്നാണ് അറിയുന്നത്. അറസ്റ്റിലായവരില്‍ 1500--ഓളെ പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡും പരിശോധനകളും തുടരും. പ്രതികളെന്ന് സംശയിക്കുന്ന കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൊലീസ് പുറത്തു വിട്ടേക്കും എന്നും സൂചനയുണ്ട്. 

നാമജപയാത്രയിലും മറ്റും പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംശയമുള്ളവരെയെല്ലാം കസ്റ്റഡയിലെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് കേസുകള്‍ ചുമത്തുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്യുകയാണ്. ബാക്കിയുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമാണ് വിട്ടയച്ചത്. 

അതേസമയം നിലയ്ക്കലിലും മറ്റും വാഹനം തടഞ്ഞ സ്ത്രീകളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സ്പെഷ്യല്‍ ബ്രാഞ്ച് വഴി ഇവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ കണ്ടാലറിയാവുന്നവരുടെ പേരില്‍ കേസെടുത്തപ്പോള്‍ അതിലും ധാരാളം സ്ത്രീകളും ഉള്‍പ്പെട്ടതായാണ് വിവരം. ശബരിമല കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന ഘട്ടത്തില്‍ ആവശ്യമെങ്കില്‍ പ്രതിഷേധകാര്‍ക്കും അക്രമികള്‍ക്കുമെതിരെ സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചേക്കും.