ദില്ലി: ആധാര്‍ ഡാറ്റാ ബാങ്ക് സുരക്ഷിതത്വത്തെ സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങള്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവിടുമെന്നും മാധ്യമപ്രവര്‍ത്തകയായ രചന ഖൈറ. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത കൊണ്ടുവന്ന ദ ട്രിബ്യൂണ്‍ പത്രത്തിനെതിരെയും റിപ്പോര്‍ട്ട് ചെയ്ത രചന ഖൈറയ്‌ക്കെതിരെയും കഴിഞ്ഞ ദിവസം ഗുരുതര കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ എടുത്തിരുന്നു.

'മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഞങ്ങളുടെ അന്വേഷണം പൂര്‍ത്തിയായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടും' രചന ഖൈറ എന്‍.ഡി.ടി.വിയോട് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ എടുത്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഐ.ഡി.എ.ഐ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്നും എഫ്.ഐ.ആര്‍ എടുത്തതിനൊപ്പം സുരക്ഷാ വീഴ്ച വന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രചന ഖൈറ പി.ടി.ഐയോട് പറഞ്ഞു. റിപ്പോര്‍ട്ടിന് മാധ്യമലോകത്ത് നിന്നടക്കം പിന്തുണ ലഭിച്ചെന്നും ട്രിബ്യൂണ്‍ പത്രം ആവശ്യമായ നിയമസഹായങ്ങളെല്ലാം നല്‍കുന്നുണ്ടെന്നും രചന പറഞ്ഞു.

ട്രിബ്യൂണിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്ത നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചിരുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പത്രാധിപന്മാരുടെ സംഘടന ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇത് വരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 500 രൂപ കൊടുത്താല്‍ വാട്‌സ് അപ്പ് വഴി ആരുടെയും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്നായിരുന്നു ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് നല്‍കിയത്. 300 രൂപയ്ക്ക് ആധാര്‍ കാര്‍ഡ് അച്ചടിച്ചു നല്‍കുമെന്നും തെളിവ് സഹിതം റിപ്പോര്‍ട്ടര്‍ രചന ഖൈര പുറത്ത് കൊണ്ടു വന്നു. എന്നാല്‍ സുരക്ഷാ വീഴ്ച അന്വേഷിക്കുന്നതിന് പകരം പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, ആധാര്‍ നിയമം എന്നിവയിലെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്.