കോഴിക്കോട്: കേരളത്തിലെ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇത് വരെ നടത്തിയ എല്ലാ ആക്രമണങ്ങളും സൈനിക ഓപ്പറേഷന് സമാനമായ രീതിയിലായിരുന്നെന്ന് കരുളായ് വനത്തില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്ന് വ്യക്തമായി.

ഇരുപതോളം ആളുകള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ഗറില്ലാസേന എന്നാണ് ഇത്തരം സായുധ ഗ്രൂപ്പുകളെ മാവോയിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നതെന്ന് കുറിപ്പുകളിലുണ്ട്, പൊലീസ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടര്‍ന്ന് ഗ്രാമവാസികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങണമെന്നും കുറിപ്പില്‍ പറയുന്നു. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി കെ കോളനി ഫോറസ്റ്റ് ഷെഡ്, 2014ല്‍ പാലക്കാട് നടന്ന ആക്രമണം, വയനാട്ടിലെ ആക്രമണം എന്നിവ ആസൂത്രണം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തവയിലുണ്ട്. നിലമ്പൂര്‍ കാടുകളിലേത് എന്ന് അവകാശപ്പെടുത്തതടക്കം എട്ടു ദൃശ്യങ്ങളാണ് ഇത് വരെ പുറത്ത് വന്നിട്ടുള്ളത്. കരുളായ് വനത്തില്‍ പൊലീസ് വെടിവയ്പ്പില്‍ മരിച്ച് മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദഹം സൃഹൃത്തുക്കള്‍ക്ക് വിട്ട് നല്‍കണോ എന്നത് സംബന്ധിച്ച് ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും. അതിനിടെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച പി ജയരാജന് മറുപടിയുമായി സി പി ഐ നേതാവ് ബിനോയ് വിശ്വമെത്തി.

വിയോജിപ്പുള്ളവരെ വെടിവെച്ച് കൊല്ലന്ന രീതിയല്ല ഇടതുപക്ഷത്തിനുള്ളതെന്നും, മുന്നണിയെ നയിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് അധികാരത്തിലിരിക്കുന്നതെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.