Asianet News MalayalamAsianet News Malayalam

അഞ്ച് മണിയോടെ ജലപ്രവാഹം ആലുവയിലെത്തും; സംവിധാനങ്ങൾ സുസജ്ജമെന്ന് അധികൃതർ

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നത്. രണ്ട് മണിയോടെ പെരിയാർ ചെറുതോണി പാലം കവിഞ്ഞൊഴുകാൻ തുടങ്ങി. 

more water comes from idukki high alert on periyar
Author
Kochi, First Published Aug 10, 2018, 2:49 PM IST

ആലുവ: ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ എല്ലാം തുറന്നതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്.  ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നത്. രണ്ട് മണിയോടെ പെരിയാർ ചെറുതോണി പാലം കവിഞ്ഞൊഴുകാൻ തുടങ്ങി. തടിയമ്പാട്, കരിമ്പ, പാംപ്ലാ വനമേഖല പിന്നീട്ട് ജനവാസമേഖലയിലേക്ക് ഒഴുകുന്ന ജലപ്രവാഹം ലോവർ പെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ കടന്ന് എറണാകുളത്തേക്ക് എത്താൻ നാലു മുതൽ ആറ് മണിക്കൂറെടുക്കുമെന്നാണ് കണക്കാക്കുന്നത്. അഞ്ച് മണിയോടെ വെള്ളം എറണാകുളത്ത് വന്‍തോതില്‍ എത്തുമെന്നാണ് നിഗമനം. കോതമംഗലം, പെരുമ്പാവൂർ, കാലടി, ആലുവ പ്രദേശങ്ങളിലെല്ലാം സുരക്ഷാ മുൻകരുതലുകൾ നൽകിയിട്ടുണ്ട്. 

ആലുവായിലെ രക്ഷാപ്രവർത്തനത്തിനായി ആർമി എഞ്ചിനിയിനിംഗ് വിഭാഗത്തിന്റെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്.  32 അംഗ സംഘം പൊലീസിനും അഗ്നിനിവാരണസേനയ്ക്കുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. സെക്കന്തരാബാദിൽ നിന്നും വിമാന മാർഗമാണ് സൈന്യം എത്തിയത്. ഇപ്പോള്‍ ഇവർ നെടുമ്പാശ്ശേരി  മേഖലയിൽ ക്യാമ്പ് ചെയ്യുകയാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ പുറപ്പെട്ടാന്‍  നാവിക സേനയും സുസജ്ജരാണ്. ഇവരെ കൂടാതെ നാല് കമ്പനി ദുരന്ത നിവാരണ സേനയെയും വിന്യസിക്കും.

അപ്രതീക്ഷിതമായി എത്തുന്ന വലിയ ജലപ്രവാഹത്തെ എങ്ങനെ എറണാകുളം ജില്ല എങ്ങനെ ഉൾക്കൊള്ളും എന്നത് സംബന്ധിച്ച് ആശങ്കകൾ ഉണ്ട്. എങ്കിലും എല്ലാ സുരക്ഷാ മുൻകരുതലുതകളും സുസജ്ജമാണ്. തീരപ്രദേശങ്ങളിലുള്ളവർക്ക് തൽക്കാലം ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കൊച്ചിയിലെ വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ജലപ്രവാഹം എത്തുമ്പോൾ ഏതൊക്കെ തരത്തിലാവും ജനജീവിതത്തെ ബാധിക്കുന്നതെന്ന് കണ്ടറിയണം. കുടിവെള്ളവിതരണം അടക്കം തടസ്സപ്പെട്ടാൽ പകരം സംവിധാനം ഒരുക്കാനും ജില്ലാഭരണകൂടം തയ്യാറെടുത്തിട്ടുണ്ട്. 

ആശങ്കയോടെ പെരിയാര്‍തീരം...

ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്.

വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.നിലവിൽ പെരിയാറിന്റെ നൂറ് മീറ്റർ പരിധിയിലുള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. എന്നാൽ ഇതിലേറെ ദൂരത്തിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ആളുകൾ സ്വമേധയാ ഒഴിഞ്ഞു പോയിട്ടുണ്ട്. 

പെരിയാറിലെ ചെളിയുടെ അംശം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് നദിയില്‍ നിന്നുള്ള പമ്പിംഗ് വാട്ടര്‍അതോറിറ്റി നിര്‍ത്തി വച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 57 ദുരിതാശ്വാസ ക്യാംപുകളായി  1076 കുടുംബങ്ങളിലെ 3521 പേര്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്. 

അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ വിതരണം ഉൗര്‍ജിതപ്പെടുത്താന്‍ യോഗം നിര്‍ദേശം നല്‍കി. പെരിയാറിലെ പംബിംഗ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. നാളെ കര്‍ക്കിടക വാവുബലി ആയതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കാനും ചടങ്ങുകള്‍ക്ക് പൊലീസ് നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ ധാരണയായി. 

ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളും ദുരന്തനിവാരണ സേനയും നാവികസേനയും അടക്കമുള്ള സേനാവിഭാഗങ്ങളും സുസജ്ജമാണ്. പെരിയാറിന്‍റെ തീരത്ത് ജലനിരപ്പ് ഉയരും എന്നതൊഴിച്ചാൽ ആശങ്കപ്പെടാനുള്ള സാഹചര്യമുണ്ടാകില്ല എന്ന് ജില്ലാ ഭരണകൂടം ആവർത്തിക്കുന്നു. 

Follow Us:
Download App:
  • android
  • ios