ഇറാഖ്: മൊസൂള്‍ കീഴടക്കിയ ഇറാഖി സേനയെ അഭിനനന്ദിച്ച് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. നഗരത്തില്‍ സര്‍ക്കാരിന്റെ സന്പൂര്‍ണ്ണ ആധിപത്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തലസ്ഥാനമെന്ന് വിശേഷിപ്പിച്ചിരുന്ന മൊസൂള്‍ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ സഖ്യസൈന്യം നടത്തിയ പോരാട്ടമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

2014ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ച മൊസൂളിലെ അല്‍നൂറി ജുമാമസ്ജിദ് സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇറാഖി സേന മുന്നേറ്റം ശക്തമായതോടെ മുപ്പത് ഐഎസ് ഭീകരര്‍ ടിഗ്രിസ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. മൊസൂളിലെത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സൈന്യത്തെയും, ജനങ്ങളെയും അഭിനന്ദിച്ചു.

ഐസില്‍ നിന്ന് വിമോചനം പ്രഖ്യാപിച്ച അദ്ദേഹം സൈന്യത്തിന്റെ വിജയം പ്രഖ്യാപിച്ചു.2014 ജൂണിലാണ് ഖലീഫ ഭരണം ആഹ്വാനം ചെയ്ത് ഐഎസ് ഇറാഖിലെയും, സിറിയയിലെയും പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചത്. അന്ന് മുതല്‍ പ്രദേശവാസികളെ മനുഷ്യകവചമാക്കി നടത്തിയ ആക്രമണത്തില്‍ പതിനായിരക്കണക്കിന് പേരാണ് മരിച്ചത്.

പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നായ മോസൂള്‍ നഗരത്തിന്റെ നഷ്ടത്തോടെ ഐഎസിന്റെ പതനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഭൂഗര്‍ഭ ഒളിത്താവളങ്ങളില്‍ തുടരുന്ന ഐഎസ് ഭീകരര്‍ പ്രതീക്ഷിക്കാത്ത സമയത്ത് ആക്രമണം നടത്താനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല