പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. അമിത രക്തസമ്മര്‍ദ്ദം ആണ് മരണകാരണമായതെന്ന് ആരോഗ്യവകുപ്പിന്റെ വിശദീരണം. ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശിനി ശെല്‍വിയും കുഞ്ഞും ആണ് മരിച്ചത്.
എട്ട് മാസം ഗര്‍ഭിണിയായിരുന്ന ശെല്‍വി ബുധനാഴ്ച ഉച്ചയോടെയാണ് കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെ ശെല്‍വിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. അവിടെവച്ചാണ് ശെല്‍വി പ്രസവിച്ചത്. പക്ഷേ കുഞ്ഞ് മരിച്ചിരുന്നു. രണ്ട് കിലോ തൂക്കം ഉണ്ടായിരുന്നു കുഞ്ഞിന്. വൈകാതെ ശെല്‍വിയും മരിച്ചു. രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന എക്ലൈസിയ ആണ് അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണമെന്ന് ആരോഗ്യവകുപ്പ് വിശദീരിക്കുന്നു. ഷോളയൂര്‍ ചാവടിയൂരിലെ വെള്ളിങ്കിരിയുടെ ഭാര്യയാണ് മുപ്പതുകാരിയായ ശെല്‍വി. അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതേവരെ പത്ത് കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളകുളം ഊരിലെ നാച്ചിയുടെ ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞും മരിച്ചിരുന്നു. അട്ടപ്പാടി മേഖലയിലെ ആരോഗ്യക്കുറവുള്ള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ വഴി ചികിത്സ നല്‍കാന്‍ പട്ടികജാതി വകുപ്പും ആരോഗ്യവകുപ്പും തീരുമാനം എടുത്തിരുന്നെങ്കിലും പദ്ധതി നടപ്പായിട്ടില്ല. അപ്പോഴാണ് അടുത്തടുത്ത ദിവസങ്ങളിലായി കുഞ്ഞുങ്ങളുടെ മരണം വാര്‍ത്തയാകുന്നത്.
