കൊണ്ടോട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിന്‍(19) അമ്മ ആനന്ദം (45) എന്നിവരാണ് പിടിയിലായത്. പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് 13-ാം തിയതി പിതാവ് പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയിലുള്ളതായി വിവരം ലഭിച്ചു. ശനിയാഴ്ച രാവിലെ ഇവിടുത്തെ ലോഡ്ജില്‍ നിന്ന് പ്രതികളെയും പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഷിബിനെതിരെ കേസ് എടുത്തു. മകന് എല്ലാ സഹായവും ചെയ്തു കൊടുത്തതിനാണ് അമ്മയ്‌ക്കെതിരെ കേസ്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പറശ്ശിനിക്കടവ് ചോറ്റാനിക്കര എന്നിവിടങ്ങളിലും കൊണ്ടു പോയതായി കണ്ടെത്തി. ആറു മാസം മുന്‍പ് സമാനമായ രീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഷിബിനും ആനന്ദത്തിനുമെതിരെ കേസുണ്ട്.