തിരുവനന്തപുരം : പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ കുറ്റം സമ്മതിച്ചത് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം. ആദ്യഘട്ടത്തില്‍ പോലീസിന്‍റെ ചോദ്യം ചെയ്യലുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയ അക്ഷയിയെ കുടുക്കാന്‍ പോലീസിന് സഹായകരമായത് അക്ഷയുടെ സിനിമ ഭ്രാന്ത് ആയിരുന്നു. ചില സിനിമകളിലെ രംഗങ്ങളാണ് അക്ഷയ് അമ്മയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ പ്രചോധനമായി എടുത്തത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.
തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിങ് കോളജില്‍ പഠിച്ചിരുന്ന അക്ഷയ് 'ചാത്തന്‍'എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പിലെ അംഗമായിരുന്നു എന്ന് പോലീസ് പറയുന്നു. പിന്നില്‍ നിന്നും അമ്മയെ അടിച്ചു വീഴ്ത്തുകയാണ് അക്ഷയ് ആദ്യം ചെയ്തത്. നിലത്തു വീണ അമ്മയെ ബെഡ്ഷീറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം ഒന്നും അറിയാതാത്തവനെ പോലെ അമ്മയെ കാണാനില്ലെന്ന് ബന്ധുക്കളെയും സഹോദരിയെയും അറിയിച്ചു.
സഹോദരിയെ സ്‌കൈപ്പില്‍ വിളിച്ചാണ് അമ്മ ഒളിച്ചോടിയെന്ന് അക്ഷയ് പറഞ്ഞത്. പിന്നീട് ഇങ്ങനെ വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയും അവിഹിതം ചര്‍ച്ചയാക്കുകയും ചെയ്തു. മയക്കു മരുന്നിന്‍റെ ലഹരിയിലായിരുന്നു ഈ നീക്കങ്ങളത്രയും എന്നാണ് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായത്.
അമ്മയുടെ കയ്യും പിടിച്ചാണ് അക്ഷയ് ഇവിടെ താമസത്തിന് എത്തിയത്. വളരെ സ്‌നേഹത്തോടെയാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എഞ്ചിനീയറിങ് പഠനകാലത്ത് അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്നതായി സമീപ വാസികള്‍ പറയുന്നു. സൗഹൃദം മുഴുവന്‍ എഞ്ചിനീയറിങ് കോളജ് കേന്ദ്രീകരിച്ചായിരുന്നു. അമ്മ മാത്രമുള്ള വീട്ടില്‍ പലപ്പോഴും അക്ഷയ് ഏറെ വൈകിയാണ് എത്തിയിരുന്നത്. പഠനകാലത്ത് ആവശ്യപ്പെട്ടതെല്ലാം വാങ്ങി നല്‍കിയിട്ടും അഞ്ചോളം വിഷയങ്ങള്‍ക്ക് തോറ്റത് അമ്മയുമായി തെറ്റാന്‍ ഇടയാക്കി.
