കല്‍ബുര്‍ഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു മാറിപ്പോയ നവജാത ശിശുക്കളെ തിരിച്ചുകിട്ടിയെങ്കിലും പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് വേണ്ട. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും രണ്ടുകൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതിയെന്നായതോടെ വഴക്കായി. പെണ്‍കുഞ്ഞിനെ പാലൂട്ടാനോ പരിപാലിക്കാനോ ആരും തയാറായില്ല. ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. 

കഴിഞ്ഞയാഴ്ച യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും നസ്മ ബീഗവും കലബുറഗി ജില്ലാ ആശുപത്രിയില്‍ ഒരേ സമയമാണു പ്രസവിച്ചത്. നന്ദമ്മയ്ക്ക് ആണ്‍കുഞ്ഞാണെന്ന് ആശുപത്രി ജീവനക്കാര്‍ അബദ്ധത്തില്‍ പറഞ്ഞുപോയി. കുഞ്ഞുങ്ങളെ അവര്‍ക്ക് പരസ്പരം മാറിപ്പോയി. ഉടന്‍തന്നെ അബദ്ധം മനസ്സിലായ ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞു പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിച്ചില്ല. തങ്ങളുടെത് ആണ്‍കുഞ്ഞാണെന്നും ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം മാത്രമേ മുലയൂട്ടുകയുളളൂ എന്നും ശഠിച്ചതിനു പിന്നാലെ, അധികൃതര്‍ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി.

രക്തപരിശോധനയില്‍ പെണ്‍കുഞ്ഞു നന്ദമ്മയുടേതാണെന്നു കണ്ടെത്തിയെങ്കിലും അവര്‍ ഇതു നിഷേധിച്ചു. രണ്ട് കൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായി. പൊലീസിന് ഇടപെടേണ്ടി വന്നു. വിശദമായ ഡിഎന്‍എ പരിശോധന ഫലം വരുന്നതുവരെ കാക്കാന്‍ ഒടുവില്‍ തീരുമാനമായി. ഡിഎന്‍എ പരിശോധനാഫലം കിട്ടുംവരെ കുഞ്ഞിനെ പരിപാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നന്ദമ്മ വഴങ്ങിയില്ല. അങ്ങനെ ഒരു കുഴപ്പവുമില്ലാഞ്ഞിട്ടും തീവ്രപരിചരണവിഭാഗത്തിലായി പെണ്‍കുഞ്ഞ്. ഇനി ഡിഎന്‍എ ഫലം വന്നാലും നന്ദമ്മയുടെ നിലപാട് മാറ്റിയില്ലെങ്കിലോ എന്നാണ് പൊലീസിന്റെയും ആശുപത്രി ജീവനക്കാരുടെയും ഇപ്പോഴത്തെ ആശങ്ക.