ഭാര്യയേയും സഹോദര ഭാര്യയേയും വെട്ടാൻ കൊടുവാളുമായി ഓടിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തി ഏറെ നാളായി കിടപ്പിലായിരുന്ന ഉമ്മയെ ഇയാള്‍ വെട്ടുകയായിരുന്നു. 

കോഴിക്കോട് : ഉമ്മയെ മാനസിക രോഗിയായ മകൻ വെട്ടി കൊന്നു. നല്ലളം ബസാർ പുല്ലിതൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്‍റെ ഭാര്യ സൈനബ (75) യാണ് മകൻ സഹീറിന്‍റെ വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഭാര്യയേയും സഹോദര ഭാര്യയേയും വെട്ടാൻ കൊടുവാളുമായി ഓടിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തി ഏറെ നാളായി കിടപ്പിലായിരുന്ന ഉമ്മയെ ഇയാള്‍ വെട്ടുകയായിരുന്നു. 

ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും അൽപസമയത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഉമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ അടുക്കളയിൽ കണ്ടെത്തിയത്. 45 കാരനായ സഹീർ ഇടക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഇ‍യാൾ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ബന്ധുവിന്‍റെ വിവാഹ വീട്ടിൽ ഇയാൾ പോയിരുന്നു. 

ശനിയാഴ്ച ഭാര്യയും സഹോദര ഭാര്യയും വിവാഹത്തിന് പോവാനൊരുങ്ങുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. വാർദ്ധക്യ സഹജമായ രോഗങ്ങൾ കാരണം സൈനബ ഏറെ കാലമായി ചികിത്സയിലാണ്. പരസഹായമില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല. ബഹളം കേട്ട് ഉമ്മ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് വരിമ്പോഴാണ് സഹീര്‍ ഉമ്മയെ വെട്ടിയതെന്ന് കരുതുന്നു. ഭാര്യയും സഹോദര ഭാര്യയും അയൽ വീടുകളിൽ കയറി ഒളിച്ചതിനാലാണ് രക്ഷപ്പെട്ടത്.

സഹീറിന്‍റെ ഭാര്യ സജ്റത്തുൽ ഹുദയുടെ തലയ്ക്ക് സാരമല്ലാത്ത വെട്ടേറ്റിട്ടുണ്ട്. ഇവരുടെ പിറകെ ഓടിയ ശേഷം തിരിച്ചെത്തിയ സഹീർ അടുക്കളയിലുള്ള ഉമ്മയുടെ പുറത്ത് വെട്ടുകയായിരുന്നു. ഉമ്മയുടെ നിലവിളി കേട്ട് ‌അടുത്ത വീട്ടിലെ സ്ത്രീ വിവരം പറഞ്ഞതിനെ തുടർന്ന് അയൽവാസികളും വീട്ടുകാരുമെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്. വീട്ടുകാരെത്തുമ്പോൾ സഹീർ വീടിന്‍റെ കോലായയിൽ ശാന്തനായി ഇരിക്കുകയായിരുന്നു. നല്ലളം പ‌ൊലീസ് സ്ഥലത്തെത്തി സഹീറിനെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. കബീറാണ് സൈനബയുടെ മറ്റൊരു മകൻ. മരുമകൾ: റാബിയ.