തിരുവനന്തപുരം: ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. .ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും. കൂട്ടിയ ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ചരക്ക് ലോറികള്‍ നേരത്തെ 30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യപിച്ചിരുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫേര്‍ ഫെഡറേഷനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ബസ്സ് ,ലോറികള്‍, ടിപ്പര്‍, കാറുകള്‍ എന്നിവയുടേയെല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെയാണ് കൂട്ടിയിരിക്കുന്നത്. ലോറി സമരത്തിനൊപ്പം മറ്റ് മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്ക് തുടര്‍ന്നാല്‍ ചരക്ക് നീക്കം തടസ്സപെടുന്നതിനൊപ്പം ജനജീവിതവും ദുസ്സഹമാകും.