കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അണ്ണാ ഡി.എം.കെ എം.പിമാര്‍ പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു ഇതുവരെ. ഈ ബന്ധത്തില്‍ ഉലച്ചിലുണ്ടാവുന്നെന്ന സൂചനയാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. ഇന്ന് അണ്ണാ ഡി.എം.കെ എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഭരണഘടന അനുശാസിക്കുന്ന പോലെ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ അനാവശ്യമായി സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഇടപെടുന്നെന്ന് ആരോപിച്ച എം.പിമാര്‍, ശശകലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും ചെയറിലേക്ക് വരാതെ എം.പിമാര്‍ക്ക് പ്രതിഷേധിക്കാന്‍ പ്രോത്സാഹനം നല്‍കി. തുടര്‍ന്ന് ഇരുസഭകളും 12 മണി വരെ നിര്‍ത്തിവെച്ചു. 12 മണിക്ക് സഭ പിന്നെയും ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്നലെ മന്‍മോഹന്‍ സിങിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും രാജ്യസഭയില്‍ ബഹളം വെച്ചു. അണ്ണാ ഡി.എം.കെ എം.പിമാരും പ്രതിഷേധം തുടര്‍ന്നു തുടര്‍ന്ന് രാജ്യസഭ രണ്ട് മണി വരെ പിരിയുകയായിരുന്നു. ലോക്സഭയിലും പ്രതിഷേധം തുടരുകയാണ്