മുഹമ്മദ് നാലപ്പാടിന് ഉപാധികളോടെ ജാമ്യം കോൺഗ്രസ് മലയാളി എംഎൽ എയുടെ മകൻ യുവാവിനെ മർദ്ദിച്ച കേസ്
ബംഗളൂരു: കർണാടകയിലെ മലയാളി എംഎൽഎ എൻ. എ. ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടിന് ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് വിദ്വത് എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിച്ചതിന്റെ പേരിലാണ് മുഹമ്മദ് നാലപ്പാട് ജയിലിലായത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആൾജാമ്യവും നൽകിയാണ് നൂറ്റിപതിനഞ്ച് ദിവസത്തിന് ശേഷം കോടതിയുടെ ജാമ്യാനുമതി. അനുവാദം കൂടാതെ സംസ്ഥാനം വിട്ട് പുറത്ത് പോകരുതെന്നും പാസ്പോർട്ട് സമർപ്പിക്കാനും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യത്തെ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ് വിദ്വത് എന്ന ഇരുപത്തിമൂന്നുകാരനെ മുഹമ്മദും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചത്. കൊല്ലാനുദ്ദേശിച്ചാണ് മർദ്ദനം എന്നായിരുന്നു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. മുഹമ്മദിന്റെ പ്ലാസ്റ്ററിട്ട കാലിൽ വിദ്വതിന്റെ കാൽ സ്പർശിച്ചു എന്നതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. താൻ കോൺഗ്രസ് എംഎൽഎയുടെ മകനാണെന്നും തന്റെ ഷൂവിന്റെ വില പോലും വിദ്വതിനില്ലെന്നും പറഞ്ഞ് കാലിൽ ചുംബിച്ച് മാപ്പ് പറയാനായിരുന്നു മുഹമ്മദിന്റെ ആവശ്യം. ഗ്ലാസ്സ് ബോട്ടിൽ കൊണ്ട് വിദ്വതിന്റെ തലയ്ക്കടിക്കുകയും ചവിട്ടുകയും ചെയ്തു. മാപ്പ് പറഞ്ഞില്ലെങ്കിൽ അവിടെ വച്ച് തന്നെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. പിന്നീട് യുവാവിനെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെത്തിയും ആക്രമിച്ചു.
മനപൂർവ്വമുള്ള കൊലപാതക ശ്രമത്തിനാണ് മുഹമ്മദിനെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തത്. മാത്രമല്ല, വിദ്വതിന് വേണ്ടി ഹാജരായ അഭിഭാഷകൻ തെളിവായി മൂന്ന് വീഡിയോ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു. എംഎൽഎ എൻ എ ഹാരിസിന്റെ രാഷ്ട്രീയ ജീവിതത്തിന് ഈ സംഭവം വെല്ലുവിളിയായിരുന്നു ഈ സംഭവം. കോൺഗ്രസ് ക്രിമിനലുകളുടെ കേന്ദ്രമെന്നായിരുന്നു ബിജെപിയുടെ ആരോപണം. കോൺഗ്രസിൽ നിന്ന് മുഹമ്മദ് നാലപ്പാടിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
