ത്യശൂർ: മൂന്നു ആശുപത്രികളില്‍ ചികിത്സ കിട്ടാതെ തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മുകുന്ദൻ മരിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് സംഘം ഇന്ന് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുകുന്ദനെ കുന്നംകുളം റോയൽ ആശുപത്രിയിലും തൃശൂര്‍ അമല ,അശ്വനി എന്നിവിടങ്ങളിലും കൊണ്ടു പോയെങ്കിലും ചികിത്സ കിട്ടിയിലെന്ന് ആംബുലൻസ് ഡ്രൈവര്‍ മൊഴി നല്‍കി. വീട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും മൊഴിയെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 

വാഹനാപകടത്തെ തുടര്‍ന്ന് മുകുന്ദൻ മരിച്ചത് ആശുപത്രികളില്‍ നിന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്ന് സഹോദരൻ യശോദധറൻ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു.ഇതെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.എരുമപ്പെട്ടിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്നും നാട്ടുകാരിൽ നിന്ന് മൊഴിയെടുത്തു.

അമല ആശുപത്രിയില്‍ ആംബുലൻസില്‍ നിന്ന് പുറത്തെടുക്കാൻ പോലും സമ്മതിച്ചില്ലെന്ന് മുകുന്ദന് ഒപ്പമുണ്ടായിരുന്ന നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.മൂന്നു ആശുപത്രികളിലും നേരിട്ടെത്തിയ അന്വേഷണസംഘം മാനേജ്മെൻ്റ് പ്രതിനിധികളില്‍ നിന്നും ഡ്യൂട്ടി ഡോക്ടറില്‍ നിന്നും സംഭവസമയത്തുണ്ടായ കാര്യങ്ങള്‍ ചോദിച്ചറിച്ചു.ന്യൂറോസര്‍ജൻ ഇല്ലാത്തതിനാലാണ് തലയ്ക്കു പരുക്കേറ്റ മുകുന്ദനെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് റോയല്‍ ആശുപത്രിയുടെ വിശദീകരണം.

നഴ്സുമാരുടെ സമരമാണ് ചികിത്സ നിഷേധിച്ചതിന് കാരണമെന്ന് അശ്വനി ആശുപത്രി അധികൃതര്‍ മൊഴി നല്‍കി.ന്യൂറോ ഐസിയുവിലും വെൻ്റിലേറ്ററിലും സ്ഥലമില്ലെന്നാണ് അമല ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ നല്‍കിയ വിശദീകരണം.മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്ന് വൈകീട്ട് തൃശൂര്‍ റൂറല്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് സമര്‍പ്പിക്കും.